കണ്ണൂരിലെ എന്‍എച്ച് 66 ന്റെ പാതാവികസനം നടക്കുന്ന പ്രധാന ചെയിനേജ് ഏരിയകളിലുടനീളം അടിപ്പാതകള്‍, കാല്‍നട പാതകള്‍, സബ് വേകൾ എന്നിവ അടിയന്തരമായി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
മുഴപ്പിലങ്ങാട് – മഠം, ഈരാണിപ്പാലം, ഒ.കെ.യു.പി സ്‌കൂള്‍, വേളാപുരം, പരിയാരം ഏമ്പേറ്റ് , ഉള്‍പ്പെടെ നിരവധി നിര്‍ണായക മേഖലകളില്‍ സുരക്ഷിതമായ പാത ഒരുക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയില്‍ കെ.സുധാകരന്‍ മുന്നോട്ട് വെച്ചു. ഈ പ്രദേശങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട കണക്റ്റിംഗ് പോയിന്റുകളാണ്. റോഡുമുറിച്ച് കടക്കുന്നതിന് മതിയായ സൗകര്യമില്ലാതിരുന്നാല്‍ ഇവിടെ അപകട സാധ്യത കൂടുതലാകും. ഇത് കുട്ടികള്‍,പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കേണ്ടതിന്റെ ആവശ്യകത കെ.സുധാകരന്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ഇതോടൊപ്പം പ്രധാന റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും സുധാകരന്‍ സമര്‍പ്പിച്ചു.
സുധാകരന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു. കണ്ണൂരിലെ പിന്നോക്ക, കാര്‍ഷിക മേഖലകളില്‍ ഇരിട്ടി-ഉളിക്കല്‍-മറ്ററ-കാളങ്കി റോഡ്, വട്ടിയത്തോട് പാലം എന്നിവ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്താമെന്ന് ഗഡ്കരി സമ്മതിച്ചു. ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫും സുധാകരനോടൊപ്പമുണ്ടായിരുന്നു.
മന്ത്രി ഗഡ്കരിയുമായുള്ള ചര്‍ച്ചകള്‍ക്ക് പുറമേ, സൗത്ത് സോണ്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ. സിന്‍ഹ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ചീഫ് ജനറല്‍ മാനേജര്‍ ബ്ലാ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തി. നിര്‍ദ്ദിഷ്ട അടിസ്ഥാന സൗകര്യ പദ്ധതികള്‍ കണ്ണൂരിൻ്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.