ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിനെയും മക്കളെയും അടക്കം അക്രമിച്ചതായും സ്വൈര്യജീവിതം തടസപ്പെടുത്തുന്നതായും വീട്ടമ്മയുടെ പരാതി. കതിരൂർ നാലാംമൈൽ സ്വദേശി ടി.എം. സുബൈദയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. കഴിഞ്ഞമാസം വീട്ടിൽ അതിക്രമിച്ച് കയറിയ ആർ.എസ്.എസ് പ്രവർത്തകർ ഭർത്താവ് ഖാദറെയും മക്കളായ മഹമൂദ് ഷാസിനെയും മിദിലാജിനെയും അക്രമിച്ചതായും വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സുബൈദ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആർ.എസ്.എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചുവെന്ന വ്യാജ പരാതിയിൽ ഖാദറും മഹമൂദ് ഷാസും റിമാന്‍റിലാണ്. കതിരൂർ സ്റ്റേഷൻ എസ്.എച്ച്.ഒ മഹേഷ് അക്രമിച്ചവരെ സംരക്ഷിക്കുകയും തങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. അക്രമിസംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസിന് പുറത്തുള്ള ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും സുബൈദ പരാതിയിൽ പറയുന്നു. വാർത്താസമ്മേളനത്തിൽ മക്കളായ മുഹമ്മദ് റസീനും മിദിലാജും പങ്കെടുത്തു.