സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന എ കെ ബാലന്‍. ധാര്‍മ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ് അദ്ദേഹം മന്ത്രി സ്ഥാനമൊഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.’ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അതിനെ വിമര്‍ശിക്കാം. അങ്ങനെയുള്ളവരാണ് നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. ഭരണഘടന വിമര്‍ശനത്തിന് അതീതമല്ല. ഗീതയോ ഖുറാനോ ബൈബിളോ പോലുള്ള ആത്മീയ ഗ്രന്ഥവുമല്ല. ഭരണഘടന രാഷ്ട്രീയ തത്വമനുസരിച്ച് തയാറാക്കപ്പെട്ടതാണ്. പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെതിരെയുള്ള ആക്ഷേപങ്ങള്‍ ജുഡിഷ്യറിക്ക് മുന്നില്‍ നിലനില്‍ക്കില്ല. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തെ ശരി വച്ചിരുന്നു.’ എ കെ ബാലന്‍ പറഞ്ഞു.
തന്റെ മന്ത്രി സ്ഥാനം പോയതില്‍ സങ്കടമില്ലെന്നും രാജിക്ക് ശേഷം ഭരണഘടന ആളുകള്‍ വായിക്കാന്‍ തുടങ്ങിയെന്നും സജി ചെറിയാനും അഭിപ്രായപ്പെട്ടു. ഭരണഘടനയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. ഒരു പ്രസംഗത്തിലെ മൂന്ന് വരികള്‍ മാത്രമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക സജന്‍ രചിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലമനേഡ് ഇംഗ്ലീഷ് കവിതാസാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. കവി മധുസൂദനന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കി സജി ചെറിയാന്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ. വിളക്കുടി രാജേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.