സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടി ലഭ്യമാക്കി നാളെ മുതല്‍ കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. ബാക്കി തുക അടിയന്തിരമായി കണ്ടെത്താന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച നടത്തിയത്.ഇന്ധന വില വര്‍ദ്ധനവ് 30 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാശ്വത പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം, ഡീസലിന് അധിക പണം ഈടാക്കുന്നെന്ന കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനും എണ്ണക്കമ്പനിക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.