കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഡിസ്റ്റിലറീസ് അസോസിയേഷൻ ബിവറേജസ് കോർപറേഷനെതിരെനടത്തി വന്നിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതിനാൽ ഔട്ട്ലെറ്റുകളിലേക്ക് ജനപ്രിയ ബ്രാൻഡുകൾ വീണ്ടും എത്തി തുടങ്ങും. സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഡിസ്റ്റിലറീസ് അസോസിയേഷൻ തീരുമാനിച്ചത്.
വിറ്റുവരവ് നികുതി (ടിഒടി) ഒഴിവാക്കുക എന്നത് മദ്യനിർമ്മാണ കമ്പനികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഈ നികുതിയുടെ വിവേചനപരമായ സ്വഭാവം ചൂണ്ടികാണിച്ചാണ് നികുതി ഒഴിവാക്കണം എന്നാവശ്യം ഇവർ ഉന്നയിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡിസ്റ്റിലറികൾക്ക് മാത്രമാണ് അഞ്ച് ശതമാനം ടിഒടി നൽകേണ്ടി വന്നിരുന്നത്. ഈ വിവേചനപരമായ നികുതി, വ്യവസായ സൗഹൃദ നയത്തിന് എതിരാണെന്നാണ് അഭിപ്രായം. സ്പിരിറ്റ് അഥവാ എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (ഇഎൻഎ) വിലയിലുണ്ടായ ക്രമാതീതമായ വർധനയ്‌ക്ക് ശേഷമാണ് മദ്യനിർമാണ കമ്പനികളുടെ ആവശ്യം ശക്തമായത്. സ്പിരിറ്റ് വില ഉയർന്നതോടെ ഉത്പാദനചെലവ് വർധിച്ചെങ്കിലും മദ്യവില ഉയർത്താൻ സർക്കാർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടിഒടി ഒഴിവാക്കണം എന്ന ആവശ്യം കമ്പനികൾ മുമ്പോട്ട് വെച്ചത്.