//
15 മിനിറ്റ് വായിച്ചു

വീട് വിറ്റ പണം പാര്‍ട്ടിക്ക്; അവസാനം ജീവിക്കാനായി ഇന്‍ഷുറന്‍സ് കമ്പനി ജോലി, പലരുമറിയാത്ത പാച്ചേനിയുടെ ജീവിതം

കണ്ണൂര്‍: പാര്‍ട്ടിയില്‍ ചുമതലകള്‍ ഇല്ലാതായതോടെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അവസാന കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധികള്‍. ജീവിക്കാനായി അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത കാര്യം പല സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല.
സംഘടനയ്ക്കുള്ളിലും പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതെ വന്നതോടെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫിൽ ഇൻഷുറൻസ് മാനേജറായി പാച്ചേനി ജോലിക്ക് ചേ‍ർന്നത്.
സംഘടന പ്രവർത്തനത്തിനിടെയുണ്ടായ സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നും വീട് വയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  കഴിഞ്ഞ വർഷം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം കെപിസിസി അംഗം മാത്രമായി തുടരുകയായിരുന്നു സതീശൻ പാച്ചേനി.
എ കെ ആന്‍റണി ഒഴിയുമ്പോൾ  രാജ്യസഭയിലേക്ക് ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുണ്ടായില്ല. കോൺഗ്രസ് സംഘടനയിലും  പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതായതോടെ ജീവിതത്തിൽ  ഇനി എന്ത് ചെയ്യണം എന്ന ചോദ്യം പാച്ചേനിക്ക് മുന്നിൽ വന്നു.
അങ്ങനെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫ് ഇൻഷുറൻസിൽ ഒരു  അഭിമുഖത്തിന് ഉദ്യോഗാർത്ഥിയായി പാച്ചേനി പോയത്. ഇന്‍റർവ്യൂ പാസായി ഇൻഷുറൻസ് മാനേജറായി ഈ ജൂണിൽ  ജോലിയിൽ കയറി.
മെറ്റ് ലൈഫ് ഇൻഷൂറൻസിലേക്ക് നിക്ഷേപകരെ ആകർഷിക്കലും ഫീൽഡ് വർക്കിനായി പുതുതായി ആളുകളെ ചേ‍ർക്കലുമായിരുന്നു ജോലി. നാല് പതിറ്റാണ്ടായി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന പാച്ചേനിക്ക് സ്വന്തമായി ഒരു വീട് വയ്ക്കാന്‍ പോലും സാധിച്ചിരുന്നില്ല.
അതിനായി സൂക്ഷിച്ച പണം dcc ഓഫീസ് കെട്ടിട നിർമ്മാണത്തിന് ചെലവാക്കി. ഇത് പിന്നീട് പാർട്ടി തിരികെ നൽകി.സംഘടന പ്രവർത്തനത്തിനിടെയുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പലപ്പോഴും സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. ബാങ്ക് ലോൺ ഉൾപെടെ പത്ത് ലക്ഷത്തിലധികം രൂപ പാച്ചേനിക്ക് ബാധ്യത ഉണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരൻ സുരേഷിന്‍റെ വീട്ടിലായിരുന്നു പാച്ചേനിയുടെ മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാ‍ർക്കും അന്തിമോപചാരം അ‍ർപ്പിക്കാനായി വച്ചത്.സതീശന്റെ ആദർശ ജീവിതം ഇന്ന് ഏറെ മഹത്വത്തോടെ വാഴ്ത്തിപ്പാടുന്ന സഹപ്രവർത്തകരിൽ പലർക്കും അവസാന കാലത്ത് ഇൻഷുറൻസ് കംപനിയിൽ  ജോലി ചെയ്താണ് പാച്ചേനി ജീവിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു.
പാർട്ടി ഓഫീസിനായി വീടുവിറ്റ പണം പോലും ചെലവഴിച്ച സതീശന്‍റെ കടങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് വച്ചുനൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!