കോഴിക്കോട് കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ്(14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വളപ്പിലായിരുന്നു സംഭവം.സ്‌കൂളിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.
നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്ന് മുന്നോട്ട് എടുത്തപ്പോള്‍ പിന്‍ ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്ക് ചെരിയുകയും ചെയ്തു. ബസുകള്‍ക്കിടയില്‍ വിദ്യാര്‍ത്ഥി കുടുങ്ങുക ആയിരുന്നു എന്നാണ് വിവരം. സ്‌കൂളില്‍ കലോത്സവം നടക്കുന്ന ദിവസം ആയിരുന്നു.
കുട്ടി വീണു കിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. വിദ്യാര്‍ത്ഥി ടോയ്‌ലറ്റില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനു പിന്നാലെ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു. അപകടം പൊലീസിനെയുള്‍പ്പെടെ അറിയിക്കാന്‍ വൈകിയെന്നാണ് പരാതി. കൂടാതെ അപകടമുണ്ടാക്കിയ ബസിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നുവെന്നാണ് ആരോപണം.
എന്നാല്‍ പെര്‍മിറ്റ് പുതുക്കിയെന്നും വെബ്‌സൈറ്റില്‍ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ് ബാഹിഷ്. സഹോദരങ്ങള്‍ ഹിബ, അയിഷ, ബൈസ