തലശേരി: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട റെയിൽവെ ട്രാക്കിൽ ട്രെയിൻ ബോഗി ക്ക് തീവെച്ച സംഭവത്തെ തുടർന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും പൊലിസും കണ്ണൂരിലും തൊട്ടടുത്ത റെയിൽവെ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.
തലശേരി റെയിൽവെ സ്റ്റേഷനിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചു മണി മുതൽ തെരച്ചിൽ ശക്തമാക്കി. തീവയ്പ്പു നടത്തിയ അഞ്ജാതന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചതിനെ തുടർന്നാണ് തെരച്ചിൽ ശക്തമാക്കിയത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലും റെയിൽവെ പ്ളാറ്റ്ഫോമിലുമാണ് തെരച്ചിൽ നടത്തിയത്. റെയിൽവെ സ്റ്റേഷനിലെത്തുന്ന യാത്ര കാരെയും പരിശോധിച്ചു വരികയാണ്.
എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ട എക്സിക്യൂട്ടീവ് ട്രെയിനിന് തീവയ്പ്പുണ്ടായ സംഭവത്തെ തുടർന്ന് റെയിൽവെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ സന്ദർശനം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തൊട്ടടുത്ത തലശേരി റെയിൽവെ സ്റ്റേഷനിലും തെരച്ചിൽ ശക്തമാക്കിയത്.