തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദമ്പതിമാര്‍. രാത്രി കടല്‍ പാലം കാണാന്‍ പോയതിന് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതായാണ് ദമ്പതികളുടെ പരാതി.ദമ്പതികളായ മേഘ, പ്രത്യുഷ് എന്നിവര്‍ക്കാണ് തലശ്ശേരി പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായത്. ജൂലൈ അഞ്ചിനായിരുന്നു ദമ്പതികള്‍ കടല്‍പ്പാലം കാണാന്‍ പോയത്.പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായപ്പോള്‍ അവരോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യവര്‍ഷം നടത്തിയതായും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഭര്‍ത്താവിനെ മര്‍ദ്ദിച്ചുവെന്നും മേഘ പറഞ്ഞു.
‘അഞ്ചാം തിയതിയാണ് കടല്‍പ്പാലം കാണാന്‍ പോയത്. നല്ല മഴ കാരണം ഒരു ഷെഡിലേക്ക് കയറിയിരുന്നു. അപ്പോഴാണ് പൊലീസ് അവിടെ വരുന്നത്. പൊലീസ് ഭര്‍ത്താവിനോട് എന്താണിവിടെ എന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണ് എന്ന് മറുപടി നല്കി. അപ്പോള്‍ ഇവിടെ സേഫ് അല്ല, ഇവിടെ നിന്ന് പോകണം എന്ന് പൊലീസ് പറഞ്ഞു. അതിന് എന്തെങ്കിലും ഓര്‍ഡര്‍ ഉണ്ടോ എന്ന് ഭര്‍ത്താവ് ചോദിച്ചു. മാന്യമായി ആയിരുന്നു ചോദിച്ചത്.പക്ഷേ ചോദിച്ചത് പൊലീസിന് ഇഷ്ടമായില്ല. അതിന് ശേഷം ഞങ്ങളുടെ ലൈസന്‍സ്, വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചെങ്കിലും ആ സമയത്ത് കയ്യിലുണ്ടായിരുന്നില്ല. ഹാജരാക്കാം എന്ന് പറഞ്ഞതാണ്. പക്ഷേ പൊലീസ് ഞങ്ങളുടെ വാഹനം കൊണ്ടുപോകും എന്ന് പറഞ്ഞു. അതിന് ശേഷം ബലം പ്രയോഗിച്ചാണ് ഞങ്ങളെ സ്റ്റേഷനിലെത്തിച്ചത്. എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു വനിത പൊലീസ് ഉണ്ടായിരുന്നില്ല,’ മേഘ പറഞ്ഞു.
സ്റ്റേഷനില്‍ എത്തിയ ശേഷം പൊലീസ് ഭര്‍ത്താവിനെ മര്‍ദിച്ചെന്നും മദ്യപിച്ചെത്തിയ ഒരു സി.ഐ തന്നോട് മോശമായി സംസാരിച്ചെന്നും മേഘ പറഞ്ഞു.പൊലീസ് ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്തുനിര്‍ത്തിയെന്നും മേഘ പറഞ്ഞു. പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.പൊലീസിനെ ആക്രമിച്ചെന്ന് കേസില്‍ പ്രത്യുഷിനെ അറസ്റ്റ് ചെയ്തതായും മേഘ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും എസ്.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണർ. തലശ്ശേരി ഇൻസ്പെക്ടർക്കും എസ്ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിർദേശം. ഇരുവർക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും.സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സർട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണർ ആർ. ഇളങ്കോ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കി.