കണ്ണൂർ: തുടർച്ചയായി ജില്ലയിൽ അക്രമങ്ങൾ അഴിച്ച് വിട്ട് വനിതാ നേതാക്കളെ പോലും ഗുരുതര പരിക്കേൽപ്പിക്കുന്ന എസ് എഫ് ഐ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ ഒക്ടോബർ 1 ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ.ജനാധിപത്യത്തെ കശാപ്പ് ചെയ്ത് കലാലയങ്ങളിൽ എസ്എഫ്ഐ നടത്തുന്ന നരനായാട്ടിനെതിരെ ചെറുത്ത് നിൽക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ എസ്എഫ്ഐയെ പുറന്തള്ളിയതിന്റെ ജാള്യത കാരണമാണ് കെ.എസ്.യു.വിന് നേരെ അക്രമം അഴിച്ചു വിടുന്നതെന്നും വിജിൽ മോഹൻ പറഞ്ഞു. മാടായി കോ ഓപ്പറേറ്റിവ് കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കണ്ണൂർ എസ് എൻ കോളേജിലും ഗവ.ഐ ടി ഐയിലും സമാനമായ സംഭവം നടന്നിരുന്നു. പയ്യന്നൂർ കോളേജിൽ കെ എസ് യു ജില്ലാ ഭാരവാഹികളായ ആദർശ് പറവൂർ, ആഷ്‌ലി വെള്ളോറ, യുക്ത ഷാജി എന്നിവരെയും മാടായി കോളേജിൽ യാസിൻ, അശ്വന്ത് എന്നീ കെ എസ് യു യൂണിറ്റ് ഭാരവാഹികളെയുമാണ് പുറത്ത് നിന്നടക്കം വന്ന എസ് എസ് എഫ് ഐ ഗുണ്ടകൾ ആക്രമിച്ചതെന്നും പ്രസ്താവനയിൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജിൽ മോഹൻ അറിയിച്ചു.