എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പിടിയിലായ ഷാരുഖ് സെയ്ഫി ഡൽഹി എൻസിആർ നിവാസിയാണ് .ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാർപെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.
പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ഷാരുഖ് സെയ്ഫിയെ പിടികൂടിയത് പൊലീസിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണ്. ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിൻറെ പിടിയിൽ അകപ്പെട്ടത്.