പാറശാല ഷാരോണ്‍ കൊലപാതകത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് വിവരങ്ങള്‍.ഗ്രീഷ്മയുടെ മാതാപിതാക്കളെയും ബന്ധുവായ പെണ്‍കുട്ടിയെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. നിരീക്ഷണത്തില്‍ തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഇതിനിടെ കൊല്ലപ്പെട്ട ഷാരോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രീഷ്മ ഇന്ന് പൊലീസിന് മൊഴി നല്‍കി. സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ അന്വേഷണസംഘത്തോട് പറഞ്ഞു.
ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ വൈരാഗ്യമാണെന്നാണ് ഗ്രീഷ്മയുടെ മൊഴി.കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസില്‍ നിന്ന് രക്ഷപ്പടാന്‍ പരമാവധി ശ്രമിച്ചു.ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷക്കുപ്പി പറമ്പില്‍ ഉപേക്ഷിച്ചു. പെരുമാറ്റത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ ശ്രമിച്ചെന്നും ഗ്രീഷ്മ പറഞ്ഞതായി പൊലീസ് അറിയിച്ചു.