അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തു. പാണക്കാട് തങ്ങളുമായി സംസാരിച്ചു. വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്. വെളിപാടിന്‍റെ കാരണത്തെകുറിച്ച് താൻ ആലോചിച്ചു. ഇതിന്‍റെ പിന്നിൽ എന്തോ ഉണ്ടെന്ന് തുടക്കം മുതൽ തോന്നി. ചില സൂചനകൾ ഒക്കെ ലഭിച്ചിട്ടുണ്ട്. റൂമറുകൾ വെച്ചിട്ട് പാർട്ടി ഒരു കാര്യം ഇപ്പോൾ പറയുന്നില്ല. ടി.പി. ഹരീന്ദ്രനെകൊണ്ട് ആരോ പറയിപ്പിച്ചതാണെന്ന് പാർട്ടിക്ക് സംശയമുണ്ട്. ചെറിയവരും, വലിയവരും ഉൾപ്പെടുന്ന മൂന്നാലുപേരെ സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. അരിയിൽ ഷുക്കൂറിനുവേണ്ടി നിയമപോരാട്ടം നടത്താൻ താൻ മുന്നിലുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി. ഹരിന്ദ്രന്‍റെയും, പ്രാദേശിക ചാനലിന്‍റെയും ഭാഷാപ്രയോഗം പോലും വളരെ മോശമാണ്. ആരോപണത്തിനെതിരെ മുസ്ലീം ലീഗ് കേസുമായി മുന്നോട്ട് പോകും. വേണ്ടി വന്നാൽ താൻ തന്നെ ഈ കേസ് നടത്താൻ മുന്നിട്ടിറങ്ങും. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നീങ്ങാതെ കഴിയില്ല. ഷുക്കൂർ കേസ് ആയുധമാക്കി ഉപയോഗിച്ചവരെ പുറത്തുകൊണ്ടുവരും. അവസാനം വരെ അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.