23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി തേടാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും വികസനപദ്ധതികള്‍ക്കൊപ്പം പരിസ്ഥിതി സംരക്ഷത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നും സില്‍വര്‍ലൈനിനെതിരായ ഉയര്‍ത്തുന്ന വാദങ്ങള്‍ യുക്തിരഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാകുന്ന ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എസ്ആര്‍പി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിന് പി.ബി അംഗം പിണറായി വിജയന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 178 പേരും പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുക. ബിജെപിക്ക് എതിരെ ദേശീയ ബദല്‍ രൂപികരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കമിടും. കോണ്‍ഗ്രസ് ഒഴികെ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആസൂത്രണം ചെയ്യും.
സ്വാഗത പ്രസംഗത്തിലും സിൽവർലൈൻ; ‘നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന്’ മുഖ്യമന്ത്രി
Image Slide 3
Image Slide 3