ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോൺഗ്രസ് എതിർക്കാത്തതിൽ വിമർശനവുമായി ലീഗ് എംപി. ബില്ലിനെ എതിർക്കാൻ ഒരു കോൺഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എം.പി അബ്ദുൽ വഹാബ് പറഞ്ഞു. ലീഗ്, സി.പി.എം അംഗങ്ങളാണ് ഏക സിവിൽ കോഡ് ബില്ലിനെ എതിർത്ത് രംഗത്തെത്തിയത്.
ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോൾ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമർശനമാണ് എ.പി. അബ്ദുൾ വഹാബ് എം.പി ഉന്നയിച്ചത്. ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബി.ജെ.പി അംഗമായ കിരോഡിലാൽ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എം.പിയെ ചൊടിപ്പിച്ചത്.