തിരുവനന്തപുരം കല്ലമ്പലത്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹന്റേയും ശ്രീജയുടേയും മകൾ ജീവാമോഹനെയാണ് ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.മടവീർ എൻഎസ്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ജീവ മോഹൻ. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആറ് പേജുകളുള്ള ആത്മഹത്യ കുറിപ്പിൽ താൻ മൊബൈൽ ഫോണിന് അടിമയാണെന്നും സുഹൃത്തുക്കളാരും ഇല്ലെന്നും ജീവ എഴുതിയിട്ടുണ്ട്. തനിക്ക് പഠനത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്നും , ബിടിഎസ് ബാൻഡിന്റെ പാട്ടുകൾ കേൾക്കാനാണ് തോന്നുന്നതെന്നും കുറിച്ചു. തന്റെ മരണശേഷം അനിയത്തിക്ക് ഫോൺ നൽകരുതെന്നും പ്രത്യേക എഴുതിവച്ച ശേഷമാണ് ആത്മഹത്യ.ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ജീവ ആത്മഹത്യ ചെയ്തത്. ആ സമയത്ത് അമ്മ ശ്രീജ ജോലിക്കായി ആറ്റിങ്ങൽ സബ്രജിസ്ട്രാർ ഓഫിസിൽ പോയിരുന്നു. ഇളയ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ജിതാമോഹൻ ട്യൂഷനും പോയിരുന്നു.ജിത ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തി ജീവയെ അന്വേഷിച്ചപ്പോൾ കണ്ടെത്താൻ സാധിച്ചില്ല. ഈ സമയത്ത് ജീവയ്‌ക്കൊപ്പം വീട്ടിൽ മുത്തശ്ശിയും മുത്തച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. മുറിയിൽ മുട്ടി വിളിച്ചിട്ട് വാതിൽ തുറന്നുമില്ല. തുടർന്ന് അയൽവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ജീവയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.