യുവതിയെ മോശമായി ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്റ്റുണ്ടാകുമെന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ അതിജീവിതയെ കക്ഷി ചേർത്തിട്ടുണ്ട്.സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സൂരജ് ഒളിവിലാണ്.അദ്ദേഹത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി പി നന്ദകുമാറിനെതിരേ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.