കൊച്ചി: വിദ്യാര്‍ത്ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച കാലടി സര്‍വ്വകലാശാലയിലെ സംസ്‍കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്റഫിനെ സസ്പെന്‍റ് ചെയ്തു. അധ്യാപകനില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങാനും ക്യാമ്പസിലെ പ്രധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്താനും സർവ്വകലാശാല ഉത്തരവിട്ടു. അധ്യാപകനെതിരെ നടപടി എടുക്കാത്തതില്‍ വിദ്യാര്‍ത്ഥിനി ഇന്നലെ വിസിയുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ നവംബർ 30 ന് സർവ്വകലാശാല ക്യാമ്പസില്‍ വെച്ച് സംസ്കൃത വിഭാഗം അധ്യാപകനായ എം അഷ്റഫ് അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിയ്ക്കുകയും ചെയ്തെന്നാണ് ഗവേഷകയായ രൂപിമയുടെ പരാതി. ഇക്കാര്യം കാണിച്ച് ക്യാമ്പസ് ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇത് അന്വേഷിച്ച കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് വിസിയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാല്‍ അധ്യാപകന് എതിരെ നടപടി വൈകിയതോടെ ഇന്നലെ വിദ്യാര്‍ത്ഥിനി പ്രതിഷേധവുമായി എത്തുകയായിരുന്നു. സർവ്വകലാശാലയിൽ സ്ഥിരം വിസി ഇല്ലാത്തതിനാലാണ് നടപടിയെടുക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.