നടൻ ശ്രീനിവാസൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. ഇപ്പോഴിതാ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാടടിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. മുൻപ് ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികൾക്കെതിരെ പങ്കുവെച്ച വാക്കുകളെ വിമർശിച്ചാണ് ഡോക്ടറിന്റെ പോസ്റ്റ്.ശ്രീനിവാസൻ ആധുനിക ചികിത്സാ രീതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ക്യാൻസർ വന്നാൽ മരണം അല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ കേട്ട് ഒരു വ്യക്തി തന്റെ ചികിത്സ അവസാനിപ്പിച്ചു. ഒടുവിൽ അയാളുടെ അസുഖം മൂർച്ഛിച്ചു. മറ്റൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് അയാളുടെ ഭാര്യ കണ്ടത് കൊണ്ട് മാത്രം രക്ഷിക്കുവാനായി. ഇന്ന് അയാൾ കൃത്യമായി ചികിത്സയിലൂടെ സന്തോഷവാനായി ജീവിക്കുന്നു. സിനിമാക്കാരൻ എന്ന പ്രശസ്തിയുടെ പുറത്ത് എന്ത് വിടുവായത്തവും പറയാമെന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ഡോ മനോജ് വെള്ളനാട് പറയുന്നു.ഇന്ന് തനിക്ക് ഒരു അസുഖം വന്നപ്പോൾ ശ്രീനിവാസൻ ആധുനിക ചികിത്സാരീതികളെ തന്നെയാണ് ആശ്രയിച്ചത്. ഇതിനെ ഒരിക്കലും ഇരട്ടത്താപ്പെന്ന് താൻ വിളിക്കില്ല. ജീവനിൽ കൊതിയുള്ള ഏതൊരാളും ചെയ്യുന്നത് മാത്രമേ അദ്ദേഹവും ചെയ്തിട്ടുള്ളൂ. എന്നാൽ വസ്തുതാവിരുദ്ധമായി ഒരു കാര്യത്തെ വിമർശിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.
ഡോ മനോജ് വെള്ളനാടിന്റെ വാക്കുകൾ:
ഒരിക്കൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് കുടലിൽ കാൻസറുണ്ടെന്ന് കണ്ടെത്തി. ആദ്യം കണ്ട ഡോക്ടർ അയാളെ വിദഗ്ദ ചികിത്സയ്ക്കായി റെഫർ ചെയ്തു. രോഗം കണ്ടെത്തിയതിന്റെ വിഷമത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് ടിവിയിൽ നടൻ ശ്രീനിവാസന്റെ പ്രസംഗം അയാൾ കേൾക്കുന്നത്. കാൻസറിന് ചികിത്സയേയില്ലാന്നും അതു വന്നാൽ പിന്നെ മരണം മാത്രമേയുള്ളു മുന്നിലുള്ള ഏക വഴിയെന്നും ഇത്രയും പ്രസിദ്ധനായ ഒരാൾ പറഞ്ഞാൽ സത്യമാവാതിരിക്കില്ലല്ലോ. രോഗി ചികിത്സ അവിടെ നിർത്തി.കുറച്ചു ആഴ്ചകൾക്കു ശേഷം കുടൽ സ്തംഭനം വന്ന് അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടു വരുമ്പോൾ സ്റ്റേജ് 1 ആയിരുന്ന കാൻസർ സ്റ്റേജ് 3 ആയി കഴിഞ്ഞിരുന്നു.ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളിൽ കാൻസർ കണ്ടെത്തിയ മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയാളുടെ ഭാര്യ തക്ക സമയത്തിനത് കണ്ടതിനാൽ മാത്രം അയാൾ രക്ഷപെട്ടു. 5 വർഷങ്ങൾക്കിപ്പുറം ഇന്നുമയാൾ സന്തോഷത്തോടെ ജീവിക്കുന്നു, കാൻസറിന്റെ ചികിത്സ കൃത്യമായി ചെയ്തതുകൊണ്ടു മാത്രം (ഇക്കാര്യം മുമ്പൊരിക്കലും എഴുതിയിരുന്നു.)കാൻസർ ചികിത്സയെ മാത്രമല്ല, മോഡേൺ മെഡിസിനിലെ സകല ചികിത്സയെയും എതിർത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസൻ.
നല്ല സിനിമാക്കാരാനെന്ന ക്രെഡിബിലിറ്റിയുടെയും പ്രശസ്തിയുടെയും പുറത്ത് എന്തു വിടുവായത്തവും പറയാമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു അവ. പക്ഷെ ഇതൊക്കെ പറയുന്ന അദ്ദേഹം അസുഖം വരുമ്പോൾ ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേൺ മെഡിസിൻ ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയും ചെയ്യും. ഞാനതിനെ ഇരട്ടത്താപ്പെന്നൊന്നും വിളിക്കില്ല.ജീവനിൽ കൊതിയുള്ള ഏതൊരാളും അതേ ചെയ്യു. അതേ ചെയ്യാവൂ. അതാണ് ശരിയും. പക്ഷെ, അയാളുടെ പ്രസംഗങ്ങൾ വിശ്വസിച്ച പാവങ്ങൾ ഇതൊന്നും അറിയുന്നില്ലാന്ന് മാത്രം.മറ്റൊരിക്കൽ അവയവങ്ങൾ മാറ്റി വയ്ക്കുന്നത് കാശിനുവേണ്ടിയാണെന്നും, അങ്ങനെ മാറ്റി വച്ചവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം പ്രസംഗിച്ചു. അതുകേട്ട് വർഷങ്ങൾക്ക് മുമ്പ് ഹൃദയം മാറ്റിവയ്ക്കപ്പെട്ട ഒരു രോഗി തന്നെ അദ്ദേഹത്തിന് കത്തെഴുതി. തന്നെപ്പോലെയുള്ള നൂറുകണക്കിനാളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം അതിലെഴുതി.മുകളിൽ ആദ്യം പറഞ്ഞ പോലെ നമ്മളറിയാത്ത, ആരാരും അറിയാത്ത എത്രയെത്ര പേർ ശ്രീനിവാസൻമാരുടെ വിടുവായത്തങ്ങളിൽ പെട്ടുപോയിട്ടുണ്ടാകും. ആർക്കറിയാം..! മോഡേൺ മെഡിസിനെ ആർക്കും വിമർശിക്കാം.സിനിമാക്കാർക്കോ രാഷ്ട്രീയക്കാർക്കോ സാഹിത്യകാർക്കോ കർഷകർക്കോ ആർക്കു വേണേലും അതു ചെയ്യാം. പക്ഷെ, അത് വസ്തുതാ പരമായിരിക്കണം, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം, അറിവില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കാനോ പാനിക്കാക്കാനോ ചികിത്സ തേടാത്തവിധം നിസഹായരാക്കാൻ ഉദ്ദേശിച്ചും ആവരുത്. ചുരുക്കിപ്പറഞ്ഞാൽ ആ വിമർശനം ഭാവനാ സൃഷ്ടി ആവരുത്. അവിടെയാണ് ശ്രീനിവാസൻ വിമർശിക്കുന്നപ്പെടുന്നത്.ഏതായാലും അദ്ദേഹത്തിന്റെ വാക്കുകേട്ട് മോഡേൺ മെഡിസിൻ മരുന്നുകൾ കടലിലെറിയാത്തതിനാൽ ഇപ്രാവശ്യവും രോഗം മൂർച്ഛിച്ചപ്പോൾ നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് ലഭിച്ചു.സുഖം പ്രാപിച്ച അദ്ദേഹം ഇന്ന് ആശുപത്രിയും വിട്ടു. തീർച്ചയായും സന്തോഷകരമായ വാർത്ത. അദ്ദേഹത്തിന് ദീർഘായുസുണ്ടാവട്ടെ. വേഗം സിനിമയിൽ സജീവമായി നമ്മളെയൊക്കെ രസിപ്പിക്കട്ടെ എന്നും ആശംസിക്കുന്നു.