കണ്ണൂർ : 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെഎസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും, ഡോ. ആർഎൽവി രാമകൃഷ്ണനും അർഹരായി. കണ്ണൂർ പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്‌കാരം, 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്.
പുരസ്‌കാരം ഒക്‌ടോബർ ആറിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ വിതരണം ചെയ്യും. ചടങ്ങിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചിന് എരിപുരം പബ്ലിക് ലൈബ്രറിയിൽ നടക്കും.
വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ പി കെ മധുസൂദനൻ, കെ ജനാർദനൻ, ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ഗോവിന്ദൻ കണ്ണപുരം, ടി കെ സുധി, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.