14 മിനിറ്റ് വായിച്ചു

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ വെന്റിലേറ്ററില്‍; സന്ദീപ് ജി വാര്യര്‍

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ കെടുകാര്യസ്ഥതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കുക, ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുക, സര്‍ക്കാര്‍ ഫാര്‍മസിയിലെ മരുന്ന് ക്ഷാമം പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ വെന്റിലേറ്ററിലായിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗത്തെ സ്വകാര്യ ലോബികള്‍ക്ക് അടിയറ വെച്ചുകാണ്ട് പരിഹാസ്യമാക്കുന്ന നടപടികളാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. എയിംസിന് ഭൂമി കണ്ടെത്തി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പരിയാരം മെഡിക്കല്‍ കോളേജിനെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ എല്ലാ സഹായവും ബിജെപിയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ഭാഗത്ത് നിന്നുണ്ടാകും. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയേയും സഹകരിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യ വികസനമടക്കമുളള വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബിജെപി കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പയ്യന്നൂര്‍, കല്ല്യാശേരി, തളിപ്പറമ്പ് മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംസ്ഥാന സമിതി അംഗം സി. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, എ.പി. ഗംഗാധരന്‍, സി. നാരായണന്‍, അഡ്വ. കെ.കെ. ശ്രീധരന്‍, ബേബി സുനാഗര്‍, യു.ടി. ജയന്തന്‍, എം.വി. രവീന്ദ്രന്‍, എ.വി. സനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഔഷധി കേന്ദ്രത്തിനടുത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് മണ്ഡലം ഭാരവാഹികളായ രമേശന്‍ ചെങ്ങുനി, സി.വി. സുമേഷ്, സി. ഭാസ്‌കരന്‍, ബാലകൃഷ്ണണന്‍ പനക്കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!