തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം എന്നാണ് നിര്‍ദ്ദേശം.ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകളും വിലക്കിയിരിക്കുകയാണ്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.ഒമിക്രോൺ സാഹചര്യം മുൻനിർത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. ഈ ദിവസങ്ങളിൽ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്ത് മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതൽ പുലര്‍ച്ചെ അഞ്ച് വരെയുള്ള നിയന്ത്രണം ഒമിക്രോണും പുതുവർഷാഘോഷവും മുൻനിർത്തിയാണെന്നാണ് സർക്കാർ വാദം.