ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.ഈ വിഷയത്തില്‍ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു. കുട്ടിയുടെ മരണത്തിനുശേഷം നാല് ദിവസമായി നടത്തിയ പരിശോധനകള്‍ നേരത്തെ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.വര്‍ഷം മുഴുവന്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി ദേവനന്ദയാണ് ഷവര്‍മ കഴിച്ച് വിഷബാധയേറ്റ് മരിച്ചത്. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.