കണ്ണൂർ ഗവ: പോളിടെക്നിക്കിലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്നും ഉന്നത തല അന്വേഷണം വേണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.മറ്റൊരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുൾപ്പടെ തലേദിവസം രാത്രി ക്യാംപസിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം.എസ്.എഫ്.ഐ യുടേ ഏകാധിപത്യ ക്യാംപസായ പോളിടെക്നിക് ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമാണെന്നും ക്യാംപസ്സുകൾ ക്രിമിനലുകളുടെ കൂടാരമാക്കാൻ എസ് എഫ് ഐ പരിശ്രമിക്കുവെന്നും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.ഹോസ്റ്റലുകൾ ഉൾപ്പടെ പുറത്തുനിന്നുള്ള പാർട്ടി ക്രിമിനലുകൾ കയ്യടക്കിവച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെ കാണാൻ പോലീസ് തയ്യാറാവണമെന്നും കലാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷം നിലനിർത്താൻ അധികൃതർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പി. മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. മരിച്ച അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെയാണ് അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു അശ്വന്ത്. രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.