കണ്ണൂര്‍: സപ്ലെെകോയിൽ ചിലയിനങ്ങളുടെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക് കൈമാറി. കാലങ്ങളായി സപ്ലെെകോ തൊഴിലാളികൾ പാക്ക് ചെയ്തിരുന്ന ചില ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് ആണ് റെയ്ഡ്കോയ്ക്ക് കെെമാറിയത്. സർക്കാർ തീരുമാനം നിലവിലെ തൊഴിലാളികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം എന്നിവയുടെ പായ്ക്കിംഗ് ഇനി മുതൽ റെയ്ഡ്കോ നിർവ്വഹിക്കണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലെെസ് മന്ത്രിയുടെ നിര്‍ദേശം.
ആയിരത്തിലധികം പായ്ക്കിങ് തൊഴിലാളികളാണ് സംസ്ഥാനത്തെ സപ്ലൈകോയിലുള്ളത്.തൊഴില്‍ കുറഞ്ഞാല്‍ അവരില്‍ പലരെയും പിരിച്ചുവിടാനാണ് സാധ്യത. ഓരോ യൂണിറ്റിലും ഇപ്പോള്‍ തൊഴിലാളികള്‍ അധികമുണ്ടോ എന്ന കണക്കും എടുക്കുന്നുണ്ട്. അതിനാൽ ഭാവിയിൽ തൊഴില്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് താത്കാലിക പായ്ക്കിങ് തൊഴിലാളികൾ. ഇതിനിടെ തൊഴിലാളികളുടെ ആശങ്ക അറിയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ എഐടിയുസി ജില്ലാ സെക്രട്ടറി പി ലക്ഷ്മണന്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിക്ക് നിവേദനം നല്‍കി.
എന്നാൽ ഇത് കൂടാതെ പായ്ക്കിങ് റെയ്ഡ്കോ ഏറ്റെടുക്കുമ്പോൾ തൊഴിലാളികൾക്ക് പുറമെ സാധാരണക്കാരും തിരിച്ചടി നേരിടേണ്ടി വരും. ഉദാഹരണമായി സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തു വില്‍ക്കുന്ന 100 ഗ്രാം ജീരകത്തിന് 26.50 രൂപയാണ് വില. അതേ സാധനം റെയ്ഡ്കോ വഴി പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ 43 രൂപയാണ് ഈടാക്കുന്നത്. മറ്റു സാധനങ്ങളുടെയും വില ഇത്തരത്തില്‍ മാറും.