കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി അപേക്ഷ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നുവെന്ന് കോടതി മുന്‍പ് ചോദിച്ചിരുന്നു.അപേക്ഷ സമര്‍പ്പിച്ചവരില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. 27,274 അപേക്ഷകള്‍ ലഭിച്ചിരുന്നു. 80 ശതമാനം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു.കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഉദ്യോഗസ്ഥര്‍ നേരിട്ട് സമീപിച്ച് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ധനസഹായം ബന്ധുക്കളുടെ പേരില്‍ നല്‍കാതെ കുട്ടികളുടെ പേരില്‍ത്തന്നെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കൊവിഡിന് ഇരയായി മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.