സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സ്വപ്ന സുരേഷ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബന്ധുക്കള്‍ക്കും കേസില്‍ പങ്കുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്.അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 22 ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇഡി കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളിലേക്ക് കടക്കുന്നത്.സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പിനായി ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴി ലഭിച്ചാൽ പുതിയ മൊഴിയുമായി താരതമ്യം ചെയ്തതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കാനാണ് ഇ.ഡിയുടെ നീക്കം.