തളിപ്പറമ്പ് നാടുകാണി സൂ – സഫാരി പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. സൂ – സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി തളിപ്പറമ്പ് നാടുകാണിയിൽ സ്ഥിതിചെയ്യുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ 257 ഏക്കർ തോട്ടം റവന്യു വകുപ്പിന് കൈമാറിക്കൊണ്ട് വ്യാഴാഴ്ച്ച കൃഷി വകുപ്പ് ഉത്തരവിറക്കിയിരിന്നു. പ്രസ്തുത ഭൂമി പത്ത് ദിവസത്തിനകം മൃഗശാല വകുപ്പിന് കൈമാറാൻ റവന്യു വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനമായി. ഭുമി കൈമാറ്റം പൂർത്തിയാകുന്ന മുറയ്ക്ക് സൂ – സഫാരി പാർക്കിന്റെ ഡിസൈനും വിശദമായ പദ്ധതി രേഖയും തയ്യാറാക്കുന്നതിന് ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇതിനായി ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മലബാറിലെ ആദ്യത്തെ മൃഗശാലയും കേരളത്തിലെ ആദ്യത്തെ സഫാരി പാർക്കുമാണ് യഥാർഥ്യമാകുന്നത്. പദ്ധതി യഥാർഥ്യമാകുന്നത്തോടെ പ്രദേശം ഒരു ടൗൺഷിപ്പായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്. യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ, തളിപ്പറമ്പ് എം.എൽ.എ. എം.വി. ഗോവിന്ദൻ മാസ്റ്റർ, ചീഫ് സെക്രട്ടറി ഡോ. കെ വേണു, വകുപ്പ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു