തളിപ്പറമ്പ്: ദേശീയപാത തളിപ്പറമ്പിലെ കുഴികൾ ടാർ ചെയ്ത് അടച്ചു. ഒരാഴ്ചക്കകം കുഴികൾ മൂടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തളിപ്പറമ്പിലെ കുഴികൾ മൂടിയത്. തളിപ്പറമ്പിൽ തൃച്ചംബരം ഏഴാം മൈൽ, ബസ് സ്റ്റാൻഡിന് എതിർവശം, ഹൈവേ പള്ളിക്ക് സമീപം, ലൂർദ് ഹോസ്പിറ്റലിന് സമീപം, ചിറവക്ക്, കുപ്പം തുടങ്ങിയ സ്ഥലങ്ങളിലാണ് ദേശീയപാതയിൽ കുഴികൾ ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ മുതലാണ് കുഴികൾ ടാർ ചെയ്ത് അടച്ചുതുടങ്ങിയത്. മഴക്കാലം കനത്തതോടെയാണ് തളിപ്പറമ്പ് ദേശീയപാതയിൽ നിരവധി കുഴികൾ രൂപപ്പെട്ടത്. ഇതോടെ നിരവധി ചെറുവാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അപകടത്തിൽപെടുന്നതും പതിവായിരുന്നു. ഏഴുവർഷം മുമ്പ് ദേശീയപാത നവീകരിച്ച് പൂർണമായി ടാർ ചെയ്തതിനുശേഷം പാച്ച് വർക്ക് മാത്രമാണ് നടന്നത്.ഇതാണ് കൂടുതൽ ഭാഗങ്ങളിൽ റോഡ് തകരാനിടയായത്.