കൈരളി ടിഎംടി ബോര്‍സ് കമ്പനി വ്യാജ ബില്‍ ഉണ്ടാക്കി കോടികളുടെ നികുതി തട്ടിപ്പ് നടത്തിയെന്ന കേസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് അറസ്റ്റില്‍. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് ഡിജിജിഐയാണ് അറസ്റ്റ് ചെയ്തത്.ഹുമയൂണ്‍ കള്ളിയത്തിനെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിജിജിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 85 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നൂറ് കോടി കടക്കുമെന്നാണ് നിഗമനമെന്നാണ് അന്വേഷണ സംഘം പറയുന്നത്.രണ്ട് മാസത്തിനിടെ കമ്പനിയുടെ പത്തിടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കമ്പനിയുടെ രണ്ട് സഹോദര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമാണ് കൈരളി ടിഎംടി സ്റ്റീല്‍ ബാര്‍സിന് ഉള്ളത്.