തിരുവനന്തപുരം:കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി . 14 ജില്ലകളിൽ 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്.നേരത്തേ ഒമ്പതാണ് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസ, കൊല്ലം ജില്ലയിൽ അഫ്സാന പർവീൻ, പത്തനംതിട്ടയിൽ ഡോ.ദിവ്യ എസ്. അയ്യർ, ആലപ്പുഴയിൽ ഇനി മുതൽ ഡോ.രേണുരാജ്, കോട്ടയത്ത് ഡോ.പി.കെ. ജയശ്രീ, ഇടുക്കിയിൽ ഷീബ ജോർജ്, തൃശൂർ ജില്ലയിൽ ഹരിത വി. കുമാർ, പാലക്കാട് മൃൺമയി ജോഷി, വയനാട് എം.ഗീത, കാസർകോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരാണ് കേരളത്തിലെ പെൺ സാരഥികൾ. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് പുരുഷ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊല്ലം കലക്ടർ അഫ്സാന പർവീന്റെ ഭർത്താവ് ജാഫർ മാലിക്കാണ് എറണാകുളം കലക്ടർ. റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച റവന്യൂ പുരസ്കാരങ്ങളിൽ മികച്ച മൂന്ന് ജില്ലാ കളക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേരും വനിതകളായിരുന്നു. നവ്ജ്യോത് ഖോസ, മൃൺമയി ജോഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.അലക്സാണ്ടറാണ് ഈ പുരസ്കാരം നേട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇദ്ദേഹം വിരമിക്കുന്നതോടെയാണ് ഡോ.രേണുരാജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്.