കോമൺ വെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി ബാഡ്മിന്‍റൺ താരവും കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥിനിയുമായ ട്രീസ ജോളിക്ക് കണ്ണൂർ സർവകലാശാല ഒരുലക്ഷം രൂപ നൽകി അനുമോദിച്ചു. സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസിലർ പ്രൊഫ.സാബു. എ യിൽ നിന്നും ട്രീസ ജോളി തുക ഏറ്റുവാങ്ങി. സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ്, സിൻഡിക്കേറ്റ് അംഗം ഡോ.എ. അശോകൻ, ഫിനാൻസ് ഓഫീസർ പി. ശിവപ്പു, ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ.ജോ. ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർവകലാശാല ഐ. ക്യൂ.എ.സി യുടെ സ്റ്റുഡന്‍റ് അഡോപ്‌ഷൻ സ്‌കീമിന്‍റെ ഭാഗമായി ദത്തെടുത്ത ആദ്യത്തെ വ്യക്തിയാണ് ബ്രണ്ണൻ കോളേജിൽ ബി.ബി.എ വിദ്യാർത്ഥിനിയായ ട്രീസ ജോളി. ഇതിനുശേഷം പതിമൂന്നാം വയസ്സുമുതൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിലാണ് ഡോ. അനിൽ രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ട്രീസ ജോളിക്ക് പരിശീലനം നൽകിവരുന്നത്. ബാഡ്മിന്‍റൻ വനിതാ ഡബിൾസിൽ വെങ്കലവും ടീം ഇനത്തിൽ വെള്ളിയും നേടിയാണ് ട്രീസ ജോളി എന്ന 19 കാരി കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടുന്ന ആദ്യത്തെ മലയാളി താരമെന്ന അംഗീകാരം നേടിയത്. ലോകറാങ്കിങ്ങിൽ പത്തൊമ്പതാം സ്ഥാനക്കാരിയാണ് ട്രീസ.
കണ്ണൂർ സർവകലാശാലയുടെ ഇന്‍റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പുതുതായി പരിചയപ്പെടുത്തത്തിയ പദ്ധതിയാണ് സ്റ്റുഡന്‍റ് അഡോപ്‌ഷൻ സ്‌കീം. വിവിധ മേഖലകളിൽ കഴിവുതെളിയിക്കുന്ന കുട്ടികളെ അവരുടെ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരഞ്ഞെടുക്കുകയും അവർക്കുവേണ്ട പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവരുന്ന പദ്ധതിയാണിത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കുന്ന ഇത്തരം കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള കോളേജുകളിൽ അവർക്കാവശ്യമായ വിഷയത്തിൽ പ്രവേശനം നൽകിവരികയാണ് ചെയ്യുന്നത്. കൂടാതെ ഇവർക്ക് യാതൊരുവിധ ഫീസും അടക്കാതെ പഠനം പൂർത്തിയാക്കാനുള്ള അവസരവും, സ്‌പെഷ്യൽ എക്സാമുകൾ എഴുതാനുള്ള അവസരവും സർവകലാശാല നൽകുന്നുണ്ട്. ഇതിനുപുറമെ ഇവർക്കുള്ള ധനസഹായവും സർവകലാശാല ഉറപ്പാക്കുന്നുണ്ട്.