കണ്ണൂര്‍: തലശ്ശേരി ജനറലാശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം ഉണ്ടായതാണ് മരണ കാരണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ 25 ആം തിയ്യതി ആശുപത്രിയിൽ അഡ്മിറ്റായ സമയം തന്നെ രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നേരത്തെ നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിൽ ആയിരുന്നുവെന്നതും ഡോക്ടർ ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീ രോഗ വിഭാഗം ഡോക്ടർ പ്രീജ മാത്യുവിനെതിരെയാണ് പരാതി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോര്‍ട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവുയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര്‍ എം ഒ വ്യക്തമാക്കി.