തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി. ടിക്കറ്റിന് വേണ്ടി ഏറെ സമയം കാത്തുനിൽക്കേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാനാണ് ഒരു കൗണ്ടർ കൂടി തുടങ്ങുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കോഴിക്കോട് ജില്ലയിൽ നിന്നുമുൾപ്പെടെ രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ശരാശരി 1500 രോഗികൾ ഒരു ദിവസം ഒ.പി.യിൽ എത്തുന്നതായാണ് കണക്ക്.
പനി തുടങ്ങിയതോടെ കഴിഞ്ഞ ദിവസം 50 പേർവരെ പനി ബാധിച്ച് മാത്രം ആസ്പത്രിയിൽ ചികിത്സ തേടിയെത്തി. ഇവരിൽ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നവരെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയാണ്.തിങ്കളാഴ്ച 15 പേരാണ് പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത്. പനി ബാധിച്ചെത്തുന്ന പലരും അവശരായാണ് ചികിത്സ തേടിയെത്തുന്നത്.ഇത്തരത്തിലുള്ളവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്നാണ് പനി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചത്.ഒ.പി. ടിക്കറ്റ് നൽകാൻ രജിസ്‌ട്രേഷൻ കൗണ്ടർ ഒന്നു കൂടി തുടങ്ങാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.