അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി സ്വപ്നപാത നാടിന് സമര്‍പ്പിച്ചു. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങള്‍ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ചോനാടത്ത് ഒരുക്കിയ സദസിലേക്ക് എത്തിയിരുന്നു. തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിയമസഭ സ്പീക്കര്‍ അഡ്വ. എഎന്‍ ഷംസീറിന്റെയും നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലാണ് ബൈപ്പാസ് റോഡിലൂടെ ആദ്യസവാരി നടത്തിയത്. തുറന്ന ബസില്‍ ബൈപ്പാസ് കടന്നുപോകുന്നതിനിടെയുള്ള പ്രകൃതി രമണീയമായ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു സവാരി. ചോനാടത്ത് നിന്ന് ആരംഭിച്ച് ബൈപ്പാസ് അവസാനിക്കുന്ന മുഴപ്പിലങ്ങാടെത്തി തിരിച്ച് ചോനാടത്തേക്കായിരുന്നു സവാരി. വിവിധ കലാപരിപാടികളോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണു ബൈപ്പാസ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. 1516 കോടി രൂപയിലേറെ ചെലവിട്ടാണ് ബൈപ്പാസിന്റെ നിര്‍മാണം. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂരില്‍ റെയില്‍വേ മേല്‍പാലം, നാലു വലിയ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, അഞ്ചു സ്‌മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, ഒരു വലിയ ഓവര്‍പാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നുണ്ട്. നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണു ദേശീയപാതയില്‍ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കു വഴി തുറന്നത്. ദേശീയപാത 66ന്റെ ഭാഗ ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജങ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപം താല്‍കാലിക ടോള്‍പ്ലാസയും ഒരുക്കിയിട്ടുണ്ട്. ദേശീയപാത ബൈപ്പാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പ്രവൃത്തി വിവിധ പ്രകൃതിദുരന്തങ്ങള്‍ കാരണമാണ് നീണ്ടത്.
ഉദ്ഘാടത്തിന്റെ ഭാഗമായി ചോനാടത്ത് നടത്തിയ പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, നിയമസഭ സ്പീക്കര്‍ അഡ്വ. എഎന്‍ ഷംസീര്‍, തലശ്ശേരി നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍ കെ രവി (ധര്‍മടം), എം പി ശ്രീഷ (എരഞ്ഞോളി), വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെയടക്കം വിവിധ കലാപരിപാടികള്‍ അരങ്ങേറി.