സ്ഥാപനം പൂട്ടിയ സംഭവം: തലശേരി നഗരസഭ വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ട സംഭവത്തിൽ വ്യവസായിയുടെ പരാതി ലഭിച്ച ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിരുന്നു.രാജ് കബീറിന്‍റെ ഫർണിച്ചർ വ്യവസായം തുടർന്ന് പ്രവർത്തിക്കാൻ കഴിയും. ഇന്നലെ തന്നെ ഉദ്യോഗസ്ഥർ അവിടെ പോയിരുന്നു. സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ താക്കോലുമായി ഉദ്യോഗസ്ഥർ അവിടെ പോയിരുന്നുവെന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.
തലശേരി നഗരസഭയുടെ നടപടിയിൽ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്‍റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ സംരംഭങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ചില സംവിധാനങ്ങളിൽ പ്രശ്നമുണ്ട് . ഇത് മാറ്റേണ്ടതുണ്ട്. വ്യവസായ- പഞ്ചായത്ത് മന്ത്രിമാർ ചേർന്ന് മാറ്റങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പൂട്ടാതിരിക്കാൻ ജില്ലകളിൽ വിദഗ്ധർ അടങ്ങുന്ന ക്ലിനിക്കുകൾ തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ ക്ലിനിക്കുകളെ സമീപിക്കാം.
വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനും അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നല്ല മാറ്റം വന്നിട്ടുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥർ സംശയത്തിന്‍റെ കണ്ണട വയ്ക്കുന്നു. അവർ വിശ്വാസത്തിന്റെ കണ്ണട വയ്ക്കണം. സംരംഭകൾക്ക് അനുകൂലമായ നിലപാട് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു
15 ഏക്കറിൽ കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട് . ഭൂപരിധി ഇളവിൽ ഭേദഗതി വരുത്തി . സംരംഭങ്ങൾ വകുപ്പുകൾ പരിശോധിച്ച ശേഷം മന്ത്രിസഭ അംഗീകാരം നൽകുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ സാമ്പത്തിക വർഷം സംരഭക വർഷമാണ് . 145 ദിവസത്തിനുള്ളിൽ 50218 പുതിയ സംരഭങ്ങൾ കേരളത്തിൽ തുടങ്ങി. 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ആകാത്ത വിധം തലശേരി നഗരസഭാ അധികൃതർ ദ്രോഹിച്ചെന്ന് രാജ് കബിർ. രാജ് കബിറിന്‍റെ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് രാജ് കബീറും ഭാര്യയും നാട് വിട്ടിരുന്നു. ഇവരെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു.
താനും ഭാര്യയും നാടുവിട്ടത് നഗരസഭയുടെ പ്രവൃത്തി കാരണമെന്ന് രാജ് കബീർ പറയുന്നു. മനം മടുത്തു. വ്യവസായ സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായി . വ്യവസായം പൂട്ടിയതോടെ ഇനിയും തുടരാനാകില്ലെന്ന് മനസിലായി. ഹൈക്കോടതി ഉത്തരവ് കാണിച്ചിട്ടും നഗരസഭ അധ്യക്ഷ കനിഞ്ഞില്ല. നീതി കിട്ടിയില്ല. വ്യവസായ മന്ത്രി പി രാജീവും അനുകൂലമായാണ് പെരുമാറിയത്. എന്നാൽ സാഹചര്യം എല്ലാം വിശദീകരിച്ചിട്ടും നഗരസഭാ അധ്യക്ഷ ഗൌനിച്ചില്ല.
34 ദിവസമായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. മുന്നോട്ട് പോകാൻ ആകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പിഴ അടയ്ക്കുക. ഹൈക്കോടതിയിൽ പോയി പിഴ തുകയുടെ പത്ത് ശതമാനം അടച്ചാൽ മതിയെന്ന ഉത്തരവ് വാങ്ങിയിട്ടും നഗരസഭ പെയർപേഴ്സൺ ക്രൂരമായി പെരുമാറി. സ്ഥാപനം അടച്ചിട്ടതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ പോലും വഴിയാധാരമായി.
ഷീറ്റ് ഇടാൻ നിർദേശിച്ചത് നഗരസഭ ആരോഗ്യ വിഭാഗം ആണ്. എന്നിട്ടും ദ്രോഹിച്ചു.നഗരസഭയിൽ കയറി ഇറങ്ങി അപേക്ഷിച്ചിട്ടും നഗരസഭ അധ്യക്ഷയും അധികൃതരും കനിഞ്ഞില്ല. ഒരു മറുപടിയും നൽകിയില്ല. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടയുമായും ബന്ധമില്ലെന്നും ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിച്ചതെന്നും രാജ് കബീർ ചോദിക്കുന്നു.
നഗരസഭയ്ക്ക് എതിരെ കത്തെഴുതി വച്ച് നാട് വിട്ട രാജ് കബീറിന്‍റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു
ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ പോയത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറഞ്ഞിരുന്നു
ഇതിനിടെ ദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി രംഗത്തെത്തി.നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്ന് ജമുനാ റാണി പറഞ്ഞു. സ്ഥാപനത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്.ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തിൽ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി പറയുന്നു.
വ്യവസായി രാജ് കബീറിന്റെ മകനായിരുന്നു കഴിഞ്ഞ കൊല്ലത്തെ മികച്ച യുവ സംരഭകനുള്ള പുരസ്കാരം. ദേവദത്തന്റെ പേപ്പർ ബാഗ് നിർമാണ യൂണിറ്റിനാണ് സംസ്ഥാന സർക്കാരിന്റെ നാല് ലക്ഷം രൂപയുടെ പുരസ്താരം കിട്ടിയത്. തലശ്ശേരിയിലെ വ്യവസായ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കമാണ് നഗരസഭയുടേതെന്നാണ് രാജ് കബീറിന്റെ കുടുംബം ആരോപിക്കുന്നു. ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭീമമായ പിഴയിടൽ. ശക്തമായ ഭീഷണിയും സമ്മർദവും താങ്ങാനാകാതെയാണ് രാജ്കബീറും ഭാര്യയും നാട് വിട്ടതെന്ന് സഹോദരൻ രാജേന്ദ്രൻ തായാട്ട് പറഞ്ഞു
രാജ് കബീറും ഭാര്യ ശ്രിദിവ്യയും 2006 ലാണ് തലശ്ശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. പണിതീർത്ത സാധനങ്ങൾ ഇറക്കി വെക്കാൻ 2018 ൽ സ്ഥാപനത്തിന് മുന്നിൽ സിങ്ക് ഷീറ്റ് ഇട്ടു. ഇത് അനധികൃത നിർമാണമാണെന്നും പിഴയായി നാലലക്ഷത്തി പതിനേഴായിരം ഒടുക്കണമെന്നും തലശ്ശേരി നഗരസഭ ആവശ്യപ്പെട്ടു.
കൊവിഡിൽ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യർത്ഥിച്ച് പലതവണ രാജ് കബീർ സമീപിച്ചെങ്കിലും ജൂലൈ 27 സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയിൽ പോയി രാജ് കബീർ അനുകൂല വിധി നേടി.പിഴ തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാം എന്നായിരുന്നു ഉത്തരവ്. പക്ഷെ നഗരസഭ സ്ഥാപനം തുറന്ന് നൽകാതെ സംരംഭകരെ പിന്നെയും ബുദ്ധിമുട്ടിലാക്കി.
കോടതി ഉത്തരവുമായി നഗരസഭയിൽ എത്തിയിട്ടും തുറന്ന് നൽകിയില്ലെന്നും സ്ഥാപനത്തിന്റെ മാനേജർ ദിവ്യയും വിശദീകരിച്ചത്. മോശം പെരുമാറ്റം നഗരസഭാ വൈസ് ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നാണ് വ്യവസായ വകുപ്പ് ബ്ലോക്ക് ഓഫീസര്‍ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ നഗരസഭ വഴങ്ങിയില്ലെന്നും വ്യവസായ വകുപ്പ് തലശ്ശേരി ബ്ലോക്ക് ഓഫീസര്‍ വ്യക്തമാക്കി.