തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിന്റെ സമയം റെയിൽവേ പരിമിതപ്പെടുത്തി. ഇതുമൂലം കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കേണ്ട യാത്രക്കാർ ദുരിതത്തിൽ. രണ്ടാം പ്ലാറ്റ്ഫോമിൽ ആകെ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. അതുതന്നെ രാവിലെ 7.15 മുതൽ 3.15 വരെ മാത്രം. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി റെയിൽവേ വരുത്തിയ നിയന്ത്രണം യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
3.15 ന് ശേഷം മെയിൽ, തിരുവനന്തപുരം എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ്, പുലർച്ചെയുള്ള ജനശതാബ്ദി, എക്സിക്യൂട്ടീവ് എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിൽ സഞ്ചരിക്കാൻ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയവർ മേൽപാലം കയറി ഒന്നാം പ്ലാറ്റ്ഫോമിലെത്തി ടിക്കറ്റ് എടുത്തു തിരിച്ചു വന്നു ട്രെയിൻ പിടിക്കണമെന്നതാണ് അവസ്ഥ.
ഇവിടെ ഒരു ട്രെയിൻ ടിക്കറ്റ് വെൻഡിങ് മെഷീൻ ഉണ്ടെങ്കിലും ദിവസവും ഔട്ട് ഓഫ് ഓർഡർ എന്ന ബോർഡ് വച്ചിരിക്കും. ഇതിന് സമീപത്ത് നേരത്തെ ഒരു ജെടിബിഎസ് പ്രവർത്തിച്ചിരുന്നു. കോവിഡ് കാലത്ത് അതും നിർത്തി. ജെടിബിഎസ് പ്രവർത്തിച്ചിരുന്നുവെങ്കിൽ യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകുമായിരുന്നു.