തളിപ്പറമ്പ് ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചു നീക്കി കുറ്റിക്കാടുകൾ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്.മണ്ണിനടിയില്‍ താഴ്ന്ന് പോയ പീരങ്കിയുടെ മറ്റ് ഭാഗങ്ങള്‍ ഉണ്ടോ എന്നറിയാന്‍ കുഴിച്ചു നേക്കേണ്ടതുണ്ട്.
ടിപ്പു സുല്‍ത്താന്റെ പടയോട്ടം നടന്ന ഈ പ്രദേശത്ത് കുപ്പം പുഴയുടെ മുകള്‍ ഭാഗത്തായി നേരത്തെ ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. കോട്ടക്കുന്ന് എന്നാണ് ഈ പ്രദേശം ഇന്നും അറിയപ്പെടുന്നത്. പീരങ്കി കണ്ടെത്തിയ വീട്ടു വളപ്പില്‍ വലിയ തേക്ക് മരങ്ങളും മറ്റും ഉണ്ടായിരുന്നതിനാല്‍ നേരത്തെ ഇത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഇവിടെ കൂടുതല്‍ ചരിത്ര പ്രാധാന്യമുള്ള വസ്തുക്കള്‍ ഉണ്ടോ എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു. പീരങ്കി സൈന്യം ഇവിടെ സ്ഥാപിച്ചതാണോ, അതോ ഉപേക്ഷിച്ചതാണോ എന്നത് വ്യക്തമല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ വിവരമറിയിച്ച് അത് കുഴിച്ച് പുറത്തെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.