ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വത്കരിക്കുന്നതിനിടയാക്കും വിധം ചരിത്ര നിരാസം നടത്തുന്നതിൽ നിന്നും കേന്ദ്ര ഭരണാധികാരികളും യു.ജി.സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും പിന്മാറണമെന്ന് മറ്റൊരു പ്രമേയത്തിലും ആവശ്യപ്പെട്ടു.
ഒരേ സമയം രണ്ട് ബിരുദ കോഴ്സുകളിൽ വിദ്യാർഥികൾക്ക് പഠിക്കാൻ കണ്ണൂർ സർവകലാശാല അവസരം നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു.
മംഗലാപുരം സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, ഡക്കാൻ കോളേജ് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെ, സർക്കത്തുള്ള വിശ്വവിദ്യാലയ (ഭോപ്പാൽ) എന്നിടവങ്ങളിലെ വിവിധ കോഴ്സുകൾ കണ്ണൂർ സർവകലാശാലയുടെ സമാന കോഴ്സുകൾക്ക് തത്തുല്യമായി യോഗം അംഗീകരിച്ചു.
ബിരുദതല കരിക്കുലം പരിഷ്കരണ വേളയിൽ ഇന്‍റേൺഷിപ്/ അപ്രന്‍റിഷിപ് എന്നിവ ഉൾപെടുത്തും. പുതിയ കരിക്കുലം പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിരുദ തലത്തിൽ വൃദ്ധജന പരിപാലനം പഠനത്തിന്‍റെ ഭാഗമാക്കും.
മറ്റു സർവകലാശാലകളുടെ ബിരുദങ്ങൾ അംഗീകരിക്കാനും അക്കാദമിക്ക് കൗൺസിൽ തീരുമാനിച്ചു. നീലേശ്വരം കാമ്പസിൽ പുതുതായി തുടങ്ങിയ 5 വർഷ എം.കോം. ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന് വേണ്ടി എക്സ്പേർട്ട് കമ്മിറ്റി തയാറാക്കിയ സിലബസ് യോഗം അംഗീകരിച്ചു.
പുതു തലമുറ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും
വർഷാരംഭത്തിൽ അക്കാദമിക/ പരീക്ഷ കലണ്ടർ തയാറാക്കുമ്പോൾ അധ്യാപക, വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താനും പുതു തലമുറ കോഴ്സുകൾക്ക് പി.എസ്.സി അംഗീകാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് വിവിധ സർവകലാശാലകൾ വ്യത്യസ്ത ശതമാനം ഗ്രേസ് മാർക്ക് നൽകുന്ന രീതി പുന:പരിശോധിക്കും. നിലവിലുള്ള പി.എച്.ഡി റഗുലേഷൻ പ്രകാരം പഠനകാലം 6 വർഷവും വനിതകൾക്ക് 2 വർഷത്തെ ഇളവും നൽകുമ്പോൾ 2016 റഗുലേഷനിൽ 5 വർഷം മാത്രമാണ് കാലാവധി. പുതിയ റഗുലേഷനിലെ ഇളവുകൾ കോവിഡ് പ്രതിസന്ധി കൂടി പരിഗണിച്ച് എല്ലാ ഗവേഷക വിദ്യാർത്ഥികൾക്കും ബാധകമാക്കും.
റിസേർച്ച് സെൻറർ അനുവദിക്കാൻ രണ്ട് തനതായ പ്രോജക്ടുകൾ വേണമെന്ന നിബന്ധന ഒഴിവാക്കും. യു.ജി. സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ തയാറാക്കുമ്പോൾ രണ്ടു പരീക്ഷകൾക്കിടയിൽ ഒരു ദിവസമെങ്കിലും ഒഴിവുണ്ടാകുന്ന രീതിയിൽ ക്രമീകരിക്കും. കലാലയങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുവാൻ ഹരിത അവാർഡ് നൽകുന്ന കാര്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു. .
യോഗത്തിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, പ്രൊ വൈസ് ചാൻസലർ, രജിസ്ട്രാർ ഇൻ ചാർജ് എന്നിവർ പങ്കെടുത്തു.