11 മിനിറ്റ് വായിച്ചു

കണ്ണൂർ നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കോർപ്പറേഷൻ

കണ്ണൂർ കോർപറേഷൻ പരിധിയിൽ നടപ്പാതകൾ കയ്യേറുകയും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കയ്യേറുകയും ചെയ്യുന്ന മുഴുവൻ തെരുവുകച്ചവടക്കാരെയും ഒഴിപ്പിക്കുമെന്ന് കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വെൻഡിംഗ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാതെ നഗരപരിധിയിൽ തെരുവുകച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് പത്രത്തിൽ പരസ്യം നൽകിയാണ് സെക്രട്ടറി കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചത്.

കാൽനടയാത്രക്കാർക്കും ലൈസൻസെടുത്ത് ഉയർന്ന് വാടക നൽകി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വഴിയോര കച്ചവടത്തിനെതിരെയുള്ള നടപടിക്ക് പിന്നിൽ. പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടയാട് ഭാഗങ്ങളിൽ കൂണുകൾ പോലെ അനധികൃത കച്ചവടം പൊങ്ങിവരുന്നതായി കോർപറേഷനിൽ പരാതി ലഭിച്ചിരുന്നു. പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും യാത്രപോലും തടസപ്പെടുന്നുണ്ട്.

റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട മേഖലകളെ തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകൾ തയാറാക്കി നൽകി തെരുവു കച്ചവടക്കാരെ സംരക്ഷിക്കാൻ കോർപറേഷൻ തയ്യാറാണെന്ന് മേയർ പറഞ്ഞു. ഉപജീവന ഉപാധി എന്ന നിലയിൽ റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് മുമ്പിലും ബങ്കുകൾ വെക്കുന്നത് അനുവദിക്കാൻ പറ്റാത്തതാണ്. ഇങ്ങനെയുള്ള തെരുവു കച്ചവടം കാരണം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരാതികൾ കോർപറേഷനിൽ ലഭിക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!