സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും. കണ്ണൂരില്‍ ചേരുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും. പുതിയ പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി അംഗങ്ങളെ ഉച്ചയോടെ തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും വൈകീട്ട് അഞ്ചിന് പൊതുസമ്മേളനവും നടക്കും.എതിരഭിപ്രായങ്ങളില്ലാത്തതിനാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തന്നെ തുടരാനാണ് സാധ്യത. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാകുന്നതിനാല്‍ എസ്.രാമചന്ദ്രന്‍ പിള്ളയും ബിമന്‍ ബോസും ഹന്നന്‍ മൊള്ളയും പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകും. എ.വിജയരാഘവന്‍ പിബിയില്‍ എത്തിയേക്കും. എളമരം കരീം, കിസാന്‍ സഭ നേതാവ് അശോക് ദാവ്‌ലെ, ബംഗാളില്‍ നിന്ന് ശ്രീദിപ് ഭട്ടാചാര്യ, സുജന്‍ ചക്രബര്‍ത്തി, ജമ്മുകശ്മീരില്‍ നിന്ന് മുഹമ്മദ് യുസുഫ് തരിഗാമി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ദലിത് പ്രാതിനിധ്യം പരിഗണിക്കപ്പെട്ടാല്‍ എ.കെ.ബാലനോ, കെ.രാധാകൃഷ്ണനോ, രാമചന്ദ്ര ദോമിനോ പൊളിറ്റ് ബ്യൂറോ അംഗമാകാനാകും. കേരള കേന്ദ്രകമ്മറ്റി അംഗങ്ങളില്‍ വൈക്കം വിശ്വനും പി.കരുണാകരനും ഒഴിയും. പകരം കെ.എന്‍.ബാലഗോപാലും പി.രാജീവുമാണ് പരിഗണിക്കപ്പെടുന്നത്.പുതുതലമുറ നേതാക്കളില്‍ പി.എ.മുഹമ്മദ് റിയാസ്, പി.കെ.ബിജു, എം.സ്വരാജ് എന്നിവരില്‍ ആരെങ്കിലും വരാനിടയുണ്ട്. വിവാദങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മൂലം എം.സി.ജോസഫൈനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാനിടയുണ്ട്. സാമുദായിക പരിഗണന തുണയാകാം. പി.സതീദേവി, സി.എസ്.സുജാത, ടി.എന്‍.സീമ, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കാം. കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും അംഗങ്ങളുടെ പ്രഖ്യാപനമുണ്ടാകുമോയെന്ന് വ്യക്തതയില്ല.