പെൺകുട്ടികളെ എത്തിക്കാൻ വൈകിയതിലുള്ള തർക്കത്തെ തുടർന്ന് സിനിമാ നിർമ്മാതാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച കേസിൽ ചെന്നൈയിൽ ഒരാൾ പിടിയിൽ. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഭാസ്കരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിരുഗമ്പാക്കം സ്വദേശിയായ ഗണേശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
ഭാസ്കരന്റെ കൊലപാതകത്തിന് ശേഷം ഗണേശൻ ഒളിവിലായിരുന്നു. ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. വിരുഗമ്പാക്കത്തെ പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. കഴിഞ്ഞ ഏഴ് വർഷമായി ഗണേശനും ഭാക്സരനും തമ്മിൽ ബന്ധമുണ്ട്. ഭാസ്കരന് പെൺകുട്ടികളെ എത്തിച്ച് നൽകുന്നത് ഗണേശനാണ്. കഴിഞ്ഞ ദിവസം പെൺകുട്ടികൾ എത്താൻ വൈകിയതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.തർക്കത്തിനൊടുവിൽ ഗണേശൻ ഭാസ്കരനെ കൊന്നു.
ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ചാണ് ഭാസ്കരനെ ഗണേശൻ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കറുത്ത കവറിൽ കെട്ടി റോഡിൽ തള്ളുകയായിരുന്നു. അർദ്ധരാത്രിയിലാണ് മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത്. പിറ്റേ ദിവസം ശുചികരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്തത്. ഇതിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി.
തൊഴിലാളികൾ പൊലീസിൽ അറിയിച്ചു. രാത്രി വൈകിയും പിതാവ് വീട്ടിലെത്താതായതോടെ മകൻ കാർത്തിക് പൊലീസിൽ പരാതി നൽകിയിരുന്നു. ഭാസ്കരനെ കൊല്ലാൻ ഉപയോഗിച്ച ആയുധവും മൃതദേഹം കവറിൽ കെട്ടി കൊണ്ടുപോയ ഇരുചക്രവാഹനവും പൊലീസ കണ്ടെടുത്തു.കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.