അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.
ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീല്‍ വന്നത്. പിന്മാറിയതോടെ ഇനി പുതിയ ബെഞ്ചിന് മുന്നിലാകും അപ്പീല്‍ വരിക. പുതിയ ജഡ്ജിയെ നിയമിക്കാന്‍ രണ്ട് ദിവസമെടുത്തേക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പിഎസ് ചാപ്പനേരി പറഞ്ഞു.അപകീര്‍ത്തി കേസില്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യാനുള്ള അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണം എന്നാണ് രാഹുലിന്റെ ആവശ്യം.