/
11 മിനിറ്റ് വായിച്ചു

സ്വതന്ത്രമേഖല വഴി 
ചാന്ദ്രയാൻ കുതിക്കുന്നു ; ശനിയാഴ്‌ച വൈകിട്ട്‌ ചന്ദ്രന്റെ ആകർഷണവലയത്തിന്‌ തൊട്ടരികെ

തിരുവനന്തപുരം
ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട്‌ ചാന്ദ്രയാൻ–-3  ‘സ്വതന്ത്ര മേഖല’ വഴി മുന്നോട്ട്‌. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ വഴിതിരിഞ്ഞ പേടകം നിലവിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ്‌ നാലു ദിവസ സഞ്ചാരം. സെക്കൻഡിൽ 11.6 കിലോമീറ്ററാണ്‌ വേഗം. ഇതിനിടയിൽ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച്‌  നേരിയ പാത തിരുത്തൽ വേണ്ടി വരും. ബുധനാഴ്‌ച ചേരുന്ന ഉന്നതതലയോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. നിർണായകമായ ഭൂഗുരുത്വാകർഷണ–- ഭേദിക്കൽ കൃത്യതയോടെ  പൂർത്തീകരിച്ച പേടകത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ഐഎസ്‌ആർഒ വ്യക്തമാക്കി. ഈ ഘട്ടത്തിൽ പലപ്പോഴും പേടകങ്ങൾക്ക്‌ സാങ്കേതിക തകരാറുകൾ ഉണ്ടാകാറുണ്ട്‌. എന്നാൽ, ചാന്ദ്രയാനിലെ എല്ലാ ഉപകരണങ്ങളും സുരക്ഷിതമാണ്‌.

3.69 ലക്ഷം കിലോമീറ്റർ പിന്നിട്ട്‌, ശനിയാഴ്‌ച വൈകിട്ട്‌ പേടകം ചന്ദ്രന്റെ ആകർഷണവലയത്തിന്‌ തൊട്ടരികെ എത്തും. തുടർന്ന്‌ ലിക്വിഡ്‌ അപോജി മോട്ടോർ വിപരീത ദിശയിൽ ജ്വലിപ്പിച്ച്‌ വേഗം നിയന്ത്രിച്ച്‌ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക്‌ കടത്തിവിടും. ലൂണാർ ഓർബിറ്റ്‌ ഇൻസേർഷൻ എന്ന പേരിലറിയപ്പെടുന്ന ഈ പ്രക്രിയ ഏറെ സങ്കീർണമാണ്‌. വേഗത നിയന്ത്രണത്തിൽ പാളിച്ചയുണ്ടായാൽ പേടകം നിയന്ത്രണം വിട്ട്‌ ലക്ഷ്യം തെറ്റാം. 266 കിലോ ഇന്ധനം അരമണിക്കൂർ ജ്വലിപ്പിച്ചാണ്‌ ചാന്ദ്ര പ്രവേശം സാധ്യമാക്കുക. 177–- 18058 കിലോ മീറ്റർ  ദീർഘ വൃത്താകൃതിയിലുള്ള പഥത്തിലാകും ആദ്യദിനം പേടകം ചന്ദ്രനെ ചുറ്റുക.  നാലു ദിവസത്തിലായി പഥം താഴ്‌ത്തി ചന്ദ്രോപരിതലത്തിലേക്ക്‌ അടുപ്പിക്കും. 17ന്‌ പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തി പ്രൊപ്പൽഷൻ മോഡ്യൂളിൽനിന്ന്‌ ലാൻഡർ വേർപെടും.  23ന്‌ വൈകിട്ട്‌ 5.45ന്‌ ലാൻഡർ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യും. ജൂലൈ 14ന്‌ ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!