//
53 മിനിറ്റ് വായിച്ചു

കായിക പ്രേമികൾക്ക് കളിച്ചു വളരാനുള്ള കേന്ദ്രമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തെ നിലനിർത്താൻ പദ്ധതികൾ നടപ്പിലാക്കുമെന്ന് മേയർ

നിലവിലുള്ള കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം 1968 ല്‍ നിര്‍മ്മാണം ആരംഭിച്ച് വിവിധ ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കിയതാണ്. 30000 പേര്‍ക്ക് കളി കാണാന്‍ പറ്റുന്ന, നിര്‍മ്മാണകാലഘട്ടം നോക്കിയാല്‍ അത്യാവശ്യം സൗകര്യങ്ങളുള്ള സ്റ്റേഡിയമായിരുന്നു ജവഹര്‍ സ്റ്റേഡിയം.
നിരവധി ദേശീയ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ജവഹര്‍ സ്റ്റേഡിയത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ചെറുതും വലുതുമായ ടൂര്‍ണമെന്‍റുകളിലൂടെ കണ്ണൂരില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന നിലവധി കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഈ മൈതാനത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മറഡോണ വന്ന് പന്ത് തട്ടിയ മൈതാനം എന്ന അപൂര്‍വ്വതയും ജവഹര്‍ സ്റ്റേഡിയത്തിനാണ്.
45 വര്‍ഷത്തിലധികം പഴക്കമുള്ള സ്റ്റേഡിയത്തിന് അതിന്‍റേതായ പോരായ്മകളുണ്ട്. ലഭ്യമായ പരിമിതമായ ഫണ്ടുപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ സ്റ്റേഡിയത്തില്‍ മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും കാലാകാലങ്ങളില്‍ ചെയ്തുവന്നിട്ടുണ്ട്. കായികമായ ആവശ്യങ്ങള്‍ക്ക് വാടക ഈടാക്കാതെ തീര്‍ത്തും സൗജന്യമായാണ് മൈതാനം അനുവദിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മൈതാനം ഒരു ലാഭ സമ്പാദന മാര്‍ഗ്ഗമായി കോര്‍പ്പറേഷന്‍ കണ്ടിട്ടില്ല. ഇവിടെ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള കലക്ട്രേറ്റ് മൈതാനവും, പോലീസ് മൈതാനവും ലക്ഷങ്ങള്‍ വാടകയായി ഈടാക്കുമ്പോള്‍ കായിക പരിപാടികള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് സ്റ്റേഡിയം അനുവദിക്കുന്നത്.
ഇപ്പോള്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉണ്ടാക്കി നേട്ടം കൊയ്യുന്നതിന് ചിലര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതില്‍ പച്ചയായ രാഷ്ട്രീയം മാത്രമാണുള്ളത് എന്നത് വ്യക്തമാണ്. ഇതിനൊക്കെ കാരണം സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് മൈതാനം ഉപയോഗിച്ചശേഷം അവിടെ അവശേഷിപ്പിച്ചു പോയ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ കരുതല്‍ ധനമായി നല്‍കിയ തുക പിടിച്ചു വെക്കാനുള്ള കൗണ്‍സില്‍ തീരുമാനവുമായി ബന്ധപ്പെട്ടാണ്. ഇക്കാര്യത്തില്‍ നിയമവും, ചട്ടവും, ബൈലോയും അനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് കൗണ്‍സില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ആഗസ്ത് 15 ന് ഡിവൈഎഫ്ഐ നടത്തിയ പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചിരുന്നു. അവര്‍ പരിപാടിക്ക് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തതിനാല്‍ അവരില്‍ നിന്നും വാങ്ങിയ കരുതല്‍ ധനം തിരികെ കൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതില്‍ നിന്നും കോര്‍പ്പറേഷന്‍ നേരത്തേ സ്വീകരിച്ച നടപടിയില്‍ രാഷ്ട്രീയമില്ല എന്ന് മനസ്സിലാക്കാനാകും. കൗണ്‍സില്‍ സ്വീകരിച്ച നടപടിയുടെ പേരില്‍ ചിലര്‍ സ്റ്റേഡിയം മുഴുവനും സൂഷ്മ ദര്‍ശിനി വച്ച് അരിച്ചു പെറുക്കി കുറ്റങ്ങള്‍ കണ്ടുപിടിച്ച് കോര്‍പ്പറേഷനു മേല്‍ കുതിര കയറാനുള്ള നീക്കങ്ങള്‍ അനുവദിച്ചു കൊടുക്കുവാന്‍ സാധിക്കില്ല.
കിഫ്ബി അനുവദിച്ചു എന്നു പറയുന്ന 10.64 കോടി രൂപയുടെ സ്റ്റേഡിയം നവീകരണ പദ്ധതി സംബന്ധിച്ച യാതൊരു വിഷയവും പുതിയ ഭരണ സമിതിയുടെ പരിഗണനയില്‍ വന്നിട്ടില്ല. ഇത് സംബന്ധിച്ച് ആലോചനകള്‍ നടന്നത് സി.പി.എം നേതാവ് ഇ.പി ലത മേയര്‍ ആയിരുന്നപ്പോഴാണ്. 2016-17 വര്‍ഷത്തെ ബജറ്റ് അനുസരിച്ച് അനുവദിച്ച തുക പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്പോര്‍ട്സ് വകുപ്പിന് എൻ ഒ സി നല്‍കാന്‍ തീരുമാനിച്ചത് ഇ.പി ലത മേയറായിരുന്ന കാലത്ത് 03-08-2017 ലെ കൗണ്‍സില്‍ യോഗമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ധാരണ പത്രം ഒപ്പിടുന്നതിന് ലഭിച്ചപ്പോള്‍ അതിലെ വ്യവസ്ഥകള്‍ കോര്‍പ്പറേഷന്‍റെ താല്‍പര്യത്തിന് വിരുദ്ധമായതിനാല്‍ ഒപ്പിടാതിരുന്നതും അന്നത്തെ ഭരണ സമിതി തന്നെയാണ്. കാരണം അതിലെ വ്യവസ്ഥകള്‍ പ്രകാരം സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ് കായിക വകുപ്പിനായിരിക്കും എന്നതിനാലാണ്. സ്റ്റേഡിയം നടത്തിപ്പിനായി രൂപീകരിക്കുന്ന 11 അംഗ ജോയിന്‍റ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചെയര്‍മാനായി മേയറെയും കമ്മിറ്റിയുടെ സെക്രട്ടറിയായി കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള 9 പേരും സര്‍ക്കാര്‍ നിശ്ചയിക്കുന്നവരാണ്. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാനായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ക്കമുണ്ടായാല്‍ അപ്പലേറ്റ് അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത് കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റിനേയാണ്. പ്രോട്ടോക്കോള്‍ പ്രകാരം എം.പിയുടെ മുകളില്‍ ഉള്ള മേയര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് കമ്മിറ്റിയിലെ വൈസ്ചെയര്‍മാനായ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റാണ് എന്നത് തീര്‍ത്തും അനൗചിത്യമാണ്. മാത്രമല്ല നിയമപരമായ തര്‍ക്കങ്ങള്‍ക്ക് കേസ് ഫയല്‍ ചെയ്യേണ്ടത് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ പരിധിയിലുമാണ്. കോര്‍പ്പറേഷന് സ്റ്റേഡിയം ആവശ്യമായി വരുമ്പോള്‍ 2 ആഴ്ച്ച മുമ്പ് കായിക വകുപ്പിന്‍റെ അനുമതി വാങ്ങണം എന്നും കരട് ധാരണാ പത്രത്തിലെ വ്യവസ്ഥയിലുണ്ട്. ധാരണാപത്രത്തില്‍ ഇതിന്‍റെ കാലാവധി എവിടെയും പരാമര്‍ശിച്ചിട്ടില്ല.
കായിക മന്ത്രിയുടെ ഓഫീസില്‍ 05-12-18, 10-01-19, 05-02-19 എന്നീ തീയ്യതികളില്‍ അന്നത്തെ മേയര്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത യോഗം നടന്നു എങ്കിലും ധാരണാ പത്രം സംബന്ധിച്ച് ധാരണയില്‍ എത്തിയില്ല.
കോര്‍പ്പറേഷന്‍ നിയമോപദേശം തേടി മാറ്റം വരുത്തി 03-08-17 ലെ 46-ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനപ്രകാരം അംഗീകരിച്ച ധാരണാ പത്രം സര്‍ക്കാരിലേക്ക് അയച്ചുവെങ്കിലും ഇതുവരെയും യാതൊരു മറുപടിയും കോര്‍പ്പറേഷന് ലഭിച്ചിട്ടില്ല. തുടര്‍ന്ന് നേരത്തേ സൂചിപ്പിച്ച തീയ്യതികളില്‍ നടന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ നേരത്തേ നല്‍കിയ കോര്‍പ്പറേഷന്‍റെ താല്‍പര്യത്തിന് വിരുദ്ധമായ ധാരണാ പത്രം വെച്ചു കൊണ്ട് മാത്രമാണ്.
പുതിയ ഭരണ സമിതി 2020 ഡിസംബറില്‍ നിലവില്‍ വന്ന ശേഷം ഇത് സംബന്ധിച്ച് കായിക മന്ത്രിയുമായി 2 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒന്ന് 16-07-22 ല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചും, രണ്ടാമത്തേത് 19-07-22 ന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ഓഫീസില്‍ വെച്ചും. ഈ രണ്ടു ചര്‍ച്ചകളിലും കോര്‍പ്പറേഷന് ഹാനീകരമായ വ്യവസ്ഥകള്‍ ഒഴിവാക്കിയാല്‍ മാത്രമേ ധാരണാ പത്രം ഒപ്പിടാന്‍ കഴിയൂ എന്ന മുന്‍ ഭരണസമിതിയുടെ തീരുമാനം മന്ത്രിയെ അറിയിച്ചിരുന്നു. പക്ഷെ ഇതുവരെയായും മറുപടി ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഭരണസമിതിയുടെ മുന്നില്‍ ഇതു സംബന്ധിച്ച് യാതൊരു ഫയലും തീര്‍പ്പുകല്‍പിക്കാന്‍ ബാക്കിയില്ല. സര്‍ക്കാര്‍ ആണ് തീരുമാനമെടുത്ത് അറിയിക്കേണ്ടത്.
ഫണ്ട് നല്‍കുന്നു എന്നതിനാല്‍ 600 കോടി രൂപ വില വരുന്ന ആസ്തി സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും ചെറുക്കപ്പെടേണ്ടതാണ്. കണ്ണൂര്‍ കോര്‍പ്പറേഷന് സ്റ്റേഡിയം നവീകരിക്കുന്ന വിഷയത്തില്‍ തുറന്ന സമീപനമാണ് ഉള്ളത്. കോര്‍പ്പറേഷന്‍റെ വികസനത്തില്‍ സഹായിക്കുന്നവരുമായി കൈകോര്‍ത്ത് മുന്നോട്ട് പോകുന്ന നയമാണ് നിലവിലെ ഭരണ സമിതി സ്വീകരിച്ചു വരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്റ്റേഡിയം സംരക്ഷണ സമിതിയുമായി രംഗത്തു വരുന്നവരില്‍ ചിലര്‍ നേതൃത്വം നല്‍കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഉള്ള മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെയും കക്കാട് നീന്തല്‍ കുളത്തിന്‍റെയും ശോചനീയാവസ്ഥ എല്ലാവരും നേരിട്ടു പോയി കാണണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. “സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റിയിട്ടു വേണം അന്യന്‍റെ കണ്ണിലെ കരട് തിരയാന്‍, “എന്ന ബൈബിള്‍ വാക്യം ഇവിടെ ഓര്‍ക്കുകയാണ്. സ്റ്റേഡിയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം യാതൊരു മാലിന്യവും അവശേഷിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അന്ന് സ്ഥാപിച്ച കൊടിമരവും, കളിക്കളത്തില്‍ നിരത്തിയ ജില്ലികളും ഒക്കെ ഇപ്പോഴും അവിടെ പോയാല്‍ ആർക്കും കാണാന്‍ സാധിക്കും.
കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്‍റെ ഘടന മൊത്തമായി മാറ്റുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. അടിയന്തിര നടപടി എന്ന നിലയില്‍ മൂന്ന് പദ്ധതികളിലായി 97 ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് നവീകരിക്കുന്നതിനും ഡ്രെയിനേജും നടപ്പാതയും പരിഷ്കരിക്കുന്നതിനും ഇലക്ട്രിഫിക്കേഷന്‍ നടത്തുന്നതിനുമായി പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ്. എത്രയും പെട്ടെന്ന് പ്രവര്‍ത്തികള്‍ ആരംഭിക്കും. കൂടാതെ 2022-23 വര്‍ഷത്തെ ബജറ്റില്‍ കോര്‍പ്പറേഷന്‍ പ്രാധാന്യത്തോടെ പറഞ്ഞ ഒരു കാര്യം ജവഹര്‍ സ്റ്റേഡിയം ആധുനിക നിലവാരത്തില്‍ പുതുക്കിപ്പണിയും എന്നതാണ്. അതുകൊണ്ട് തന്നെ കണ്ണൂരിലെ കായിക പ്രേമികള്‍ക്ക് നേരത്തെ പോലെ തന്നെ കളിച്ചു വളരാനുള്ള കേന്ദ്രമായി ജവഹര്‍ സ്റ്റേഡിയത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കും. അതിന് മുഴുവന്‍ കായിക പ്രേമികളുടെയും ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
വാർത്താസമ്മേളനത്തിൽ മേയർ ടി ഒ മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!