നിലമ്പൂര്‍ | പോത്തുകല്ലില്‍ നിന്ന് കാണാതായ യുവതിയെയും മക്കളെയും 2 വര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്.
2021-ലാണ് മിനിയെയും മക്കളെയും കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ് പിയുടെയും നിലമ്പൂര്‍ ഡിവൈ എസ് പിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ തിരച്ചില്‍ നടത്തി.
ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും തമിഴ്‌നാട് പോലീസിൻ്റെ സഹായത്തോടെ കോയമ്പത്തൂരില്‍ നിന്ന് ഇവരെ കണ്ടെത്തുകയും ആയിരുന്നു.