//
13 മിനിറ്റ് വായിച്ചു

വീട്ടമ്മയുടെ കൊലപാതകം ; കേരള കോൺഗ്രസ് ജോസഫ്‌ നേതാവ്‌ പിടിയിൽ

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ ചുട്ടെരിച്ചുകൊന്ന കേസിൽ അയൽവാസിയായ പൊതുപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാങ്കൽ തോമസ് വർഗീസാ(സജി -54)ണ് തമിഴ്‌നാട് കമ്പത്തുനിന്ന് പിടിയിലായത്. കേരള കോൺഗ്രസ് (ജോസഫ് ) നേതാവായിരുന്നു. 23നാണ് നാരകക്കാനം പള്ളിക്കവല കുമ്പിടിയാമാക്കൽ ചിന്നമ്മ(64) ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കാണപ്പെട്ടത്‌. വീട്ടമ്മയെ ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിക്കുകയും പാചകവാതകം തുറന്നുവിട്ട് തീകൊളുത്തി കൊല്ലുകയുമായിരുന്നുവെന്ന്‌ പ്രതി പൊലീസിനോട്‌ പറഞ്ഞു.

കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള തോമസ് വർഗീസ്‌ സംഭവദിവസം പകൽ 12.30 ന് ചിന്നമ്മയുടെ വീട്ടിലെത്തി. പുറത്ത് അലക്കുകയായിരുന്ന ചിന്നമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. അടുക്കളയിലേക്ക് പോയ ചിന്നമ്മയെ, പിന്നാലെ എത്തി പലക ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. തലമുറിഞ്ഞ് നിലവിളിച്ച വീട്ടമ്മയുടെ വായിൽ വിരലുകൾ കുത്തിയിറക്കി നാവുപിടിച്ച് തിരിച്ച് നിശബ്ദയാക്കി. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന അരിവാൾ കൊണ്ട്‌ ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു. ചിന്നമ്മ ബോധരഹിതയായതോടെ അടുത്ത മുറിയിൽനിന്ന് കമ്പിളികളും തുണികളും നോട്ട്ബുക്കുകളും കൊണ്ടുവന്ന് ദേഹത്ത് കൂട്ടിയിട്ടു. ശരീരത്തിലുണ്ടായിരുന്ന രണ്ടു പവനിലേറെയുള്ള മാലയും കുരിശും ഒരു പവൻ വീതമുള്ള രണ്ട് വളകളും പ്രതി കൈക്കലാക്കി. തുടർന്ന് ഗ്യാസ് സിലിണ്ടറിന്‍റെ ഹോസ് മുറിച്ച് പാചകവാതകം തുറന്നുവിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു. തീപിടിച്ചപ്പോൾ ചിന്നമ്മ പിടഞ്ഞിരുന്നതായും പ്രതി പൊലീസിന് മൊഴി നൽകി.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ച സമയത്തും പ്രതി സ്ഥലത്തുണ്ടായിരുന്നു.തടിയമ്പാട്ടെ സ്വകാര്യ ധനസ്ഥാപനത്തിൽ വീട്ടമ്മയുടെ ആഭരണങ്ങൾ പണയപ്പെടുത്തിയ ശേഷം വെള്ളിയാഴ്ച തമിഴ്‌നാട്ടിലേക്ക് കടന്ന സജിയെ ശനി പുലർച്ചെയോടെ കമ്പം ബസ് സ്റ്റാൻഡിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന ഡി.വൈ.എസ്‌.പി വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഇയാളെ സംഭവ സ്ഥലത്തും സ്വന്തം വീട്ടിലും ആഭരണം പണയപ്പെടുത്തിയ ധനസ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!