കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗബലം വർധിപ്പിക്കാനുള്ള തീവ്ര യജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് കുഞ്ഞാവു ഹാജി പറഞ്ഞു. ജാതി,മത, കക്ഷി രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ലാതെ വ്യാപാരം ജീവനോപാധിയാക്കിയ വിഭാഗത്തിൻ്റെ സംരക്ഷണമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഖ്യ ലക്ഷ്യം. എന്നാൽ ഏകോപന സമിതിയുടെ വിലപേശൽ ശക്തിയെ ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ പരിശ്രമങ്ങൾ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടക്കുകയാണ്. അവർ വ്യാപാരികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷക്കാലം കണ്ണൂർ ജില്ലയിൽ 50 കോടി രൂപയുടെ സഹായം വിവിധ പദ്ധതികളിലൂടെ വ്യാപാരികൾക്കും പൊതുസമൂഹത്തിനും ലഭ്യമാക്കുവാനുള്ള തീരുമാനം ഏകോപന സമിതി കൈകൊണ്ടിട്ടുണ്ട്. 2023,24 വർഷം കണ്ണൂർ ജില്ലയിൽ വിവിധ ക്ഷേമ പദ്ധതികളിലൂടെ 15 കോടിയിലേറെ രൂപ വിതരണം ചെയ്യുവാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. പുനത്തിൽ ബാഷിത്, സി.സി. വർഗീസ്, ജോർജ്ജ് തോണിക്കൽ, കെ യു വിജയകുമാർ, സി കെ രാജൻ എന്നിവർ സംസാരിച്ചു.