കണ്ണൂർ ശ്രീകണ്ഠാപുരത്ത് ബുള്ളി ഭായി ആപ്പിനെതിരെ വാട്‌സആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തയാൾക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ഇപി ജാവിദിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ പൊലീസ് കേസടുത്തത്.ബുള്ളി ഭായി ആപ്പിനെതിരെ ലാലി പിഎം എന്നയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റ് ജാവീദ് നാട്ടിലെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു.’മുസ്‌ലിം സ്ത്രീകളുടെ ഗതികേടാണ് ഗതികേട്, അവരുടെ വസ്ത്ര ധാരണയെ പറ്റി തിയറികളുണ്ടാക്കാം, ആപ്പുണ്ടാക്കി അവരുടെ ഫോട്ടോ നെറ്റിൽ നിന്ന് തപ്പിയെടുത്ത് വിൽപ്പനയ്ക്ക് എന്നു പറഞ്ഞ് അപ്പ്‌ലോഡ് ചെയ്യാം, ആരും ചോദിക്കാൻ വരില്ല, ആരെങ്കിലും ഒന്ന് പ്രതികരിച്ചാൽ അതൊന്ന് വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല,’ എന്നിങ്ങനെയായിരുന്നു ലാലി പിഎം ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഈ പോസ്റ്റാണ് ജാവീദ് ശ്രീകണ്ഠാപുരത്തെ പ്രാദേശിക ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇത് സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇത് പ്രാദേശിക തലത്തിൽ യാതൊരു സംഘർഷാവസ്ഥയും സൃഷ്ടിച്ചിട്ടില്ല.സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് വത്സൻ തില്ലങ്കേരിയാണോ ഭരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു.