കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ ജെന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്ബില്‍ നിര്‍മ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്ബ് നഗരസഭയിലെ പാറാല്‍ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെന്‍ഡര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുക.ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു അന്നത്തെ എംഎല്‍എ കെ കെ ശൈലജ ടീച്ചറുടെ ശ്രമഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 75 സെന്റില്‍ നാല് കോടി രൂപ ചിലവില്‍ മൂന്നുനിലകളിലായാണ് കോംപ്ലക്‌സ് നിര്‍മിക്കുക. പി ഡബ്ല്യു ഡിക്കാണ് നിര്‍മാണ ചുമതല.പദ്ധതി യാഥാര്‍ഥ്യമായാല്‍ നഗരസഭയിലെ യുവതികള്‍ക്ക് ഉന്നത പഠനം, ഗവേഷണം എന്നിവയ്ക്കാവശ്യമായ ലൈബ്രറി സൗകര്യം ലഭ്യമാകും. ഫിറ്റ്‌നസ് സെന്റര്‍, ഡ്രൈവിങ് പരിശീലനം, നീന്തല്‍ പരിശീലനം, വിവര സാങ്കേതിക വിദ്യയുടെ പരിശീലനം എന്നിവ നല്‍കുന്നതോടെ ഈ മേഖലയില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.പ്രദേശത്തെ തൊഴിലെടുക്കുന്ന വനിതകള്‍ക്ക് ആശ്വാസമായി കോംപ്ലക്‌സില്‍ കമ്മ്യൂണിറ്റി കിച്ചണും ആരംഭിക്കും. കുട്ടികള്‍ക്കായുള്ള ക്രഷ്, സീനിയേഴ്‌സ് റെസ്റ്റ് ഹൗസ് എന്നിവയും ജന്‍ഡര്‍ കോംപ്ലക്‌സില്‍ ഒരുക്കാന്‍ പദ്ധതിയുണ്ട്. സംസ്ഥാനത്തെ ആദ്യ ജന്‍ഡര്‍ കോംപ്ലക്‌സ് കോഴിക്കോടാണ് പ്രവര്‍ത്തിക്കുന്നത്.